ഉത്സവാന്തരീക്ഷത്തില്‍ ചമ്രവട്ടം പാലം തുറന്നു: ഇരുകരയുമൊന്നായ്...

Picture
നിളയ്ക്കുകുറുകെ പാലത്തിലൂടെ ഇരുകരകളുമെത്തി. ഹൃദയത്തില്‍ ഇത്രനാള്‍ സൂക്ഷിച്ച മോഹം യാഥാര്‍ഥ്യമായതിന്റെ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഓരോ മനസ്സിലുമുണ്ടായിരുന്നു. അവര്‍ ഉള്ളംനിറഞ്ഞ് നടന്നപ്പോള്‍ പുഴയ്ക്കുമേലെ പോക്കുവെയിലില്‍ തിളങ്ങുന്ന മനുഷ്യപ്പാലം. ദൂരെനിന്ന് നോക്കുമ്പോള്‍ നിളയ്ക്കുമേലെ നിറഞ്ഞ ജനക്കൂട്ടം മാത്രം. ചരിത്രത്തെ ചാരെ നിര്‍ത്തുന്ന ചമ്രവട്ടത്ത് ആയിരങ്ങളാണ് അസുലഭനിമിഷത്തിന് സാക്ഷിയാകാനെത്തിയത്. കാലങ്ങളായി കാത്തിരുന്ന സുഹൃത്തിനെയെന്നവണ്ണം ആദ്യം അവര്‍ പാലത്തെ കണ്‍നിറയെ കണ്ടു. പിന്നെ പതുക്കെ തൊട്ടു... ചുവടുകള്‍ പിന്നീട് ദ്രുതമായി. ചിലര്‍ ഉത്സാഹത്തിമിര്‍പ്പില്‍ അക്കരയ്ക്ക് പാഞ്ഞു. ജനപ്രവാഹത്തില്‍ നിളയോരം വീര്‍പ്പുമുട്ടി. വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ആലത്തിയൂര്‍ പൂഴിക്കുന്നില്‍വച്ച് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചമ്രവട്ടംപാലത്തിലേക്ക് ആനയിച്ചു. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഉദ്ഘാടന ചടങ്ങിനെ ആവേശഭരിതമാക്കി. ഉദ്ഘാടന ചടങ്ങ് നടന്ന നരിപ്പറമ്പിലും സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടി. അടുത്തായിട്ടും അകന്നിരുന്ന പൊന്നാനിയ്ക്കും തിരൂരിനും ഇത് ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള പാലം കൂടിയാണ്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉയര്‍ന്നതോടെ രണ്ടുദേശവും ഒന്നായി.

"പാലോളിപ്പാല"ത്തില്‍ പുളകച്ചാര്‍ത്ത്

Picture
കേരളത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന ചമ്രവട്ടം പാലം നാടിന് സമര്‍പ്പിച്ചതോടെ ജനഹൃദയങ്ങളില്‍ പാലത്തിനൊപ്പംചേര്‍ന്ന പേരാണ് പാലോളി മുഹമ്മദ്കുട്ടി. ഇരുകരയിലെയും ജനത ഹൃദയത്തില്‍ത്തട്ടി പറഞ്ഞു- പാലോളിപാലത്തിലേയ്ക്ക് സ്വാഗതം. ഉദ്ഘാടനച്ചടങ്ങില്‍ വേറിട്ടുനിന്നതും ഏറെ തിളങ്ങിയതും നാടിന്റെ ചിരകാലസ്വപ്നം പൂവണിയിക്കാന്‍ പ്രയത്നിച്ച ഈ സൗമ്യനായ നേതാവായിരുന്നു. ചമ്രവട്ടം പദ്ധതിയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിവരുന്നവര്‍പോലും പാലോളിയെന്ന മുന്‍ മന്ത്രിയുടെ സേവനത്തെ അംഗീകരിച്ചു. രാഷ്ട്രീയത്തിലുപരിയായി നാടിന്റെ വികസനത്തിനായി പ്രയത്നിച്ച പാലോളി മുഹമ്മദ്കുട്ടിയെന്ന മന്ത്രിയുണ്ടായിരുന്നില്ലെങ്കില്‍ ചമ്രവട്ടം പദ്ധതി ഇന്നും കടലാസില്‍ ഒതുങ്ങുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ പ്രസംഗം ആരംഭിച്ചതുതന്നെ പാലോളിയുടെ പേരെടുത്ത് പ്രശംസിച്ചാണ്. ""പാലംപണി തുടങ്ങിയത് പാലോളി തന്നെ..."" എന്ന് പറഞ്ഞാണ് ആര്യാടന്‍ സംസാരിച്ചുതുടങ്ങിയത്. പ്രസംഗത്തിലുടനീളം പാലോളിയുടെയും കഴിഞ്ഞ സര്‍ക്കാരിന്റെയും പങ്ക് ആര്യാടന്‍ എടുത്തുപറയുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ചവരെല്ലാംതന്നെ ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ പാലോളി വഹിച്ച പങ്കിനെക്കുറിച്ച് വാചാലരായി. ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പാലോളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം കൈമാറി. സന്നദ്ധസംഘടനയായ കര്‍മയും അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ജനായകന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളും വേദിയ്ക്കരികിലെത്തിയിരുന്നു. ഒരു ജനപ്രതിനിധി എന്താവണമെന്നതിന് പാലോളി മുഹമ്മദ്കുട്ടിയുടെ ജീവിതം പഠിക്കണമെന്നാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ചമ്രവട്ടം സ്വദേശിയായ മോനുട്ടിയെന്ന 60-കാരന്റെ അഭിപ്രായം. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മോനുട്ടി മറന്നില്ല. ചുരുക്കത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിര്‍മാണ ജോലിക്കാരുടെയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ച പാലോളിക്കുള്ള ആദരവുകൂടിയായി മാറി പാലത്തിന്റെ ഉദ്ഘാടന വേദി.

പണമില്ലാതെ പുഴ കടക്കേണ്ട

Picture
ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകുന്ന വാഹന ഉടമകളില്‍നിന്നും ടോള്‍ പിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 148.39 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 127 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഇതില്‍ 95.2 കോടി രൂപ നബാര്‍ഡ് സഹായമാണ്. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടോള്‍ പിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിവ് എന്ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരിയാടിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്്. എന്നാല്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. ഇതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ടോള്‍ പിരിവാരംഭിച്ചാല്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പാലത്തിന്റെ നിര്‍മാണത്തിന് പ്രധാനമായി ചുക്കാന്‍പിടിച്ച മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇത് മുമ്പ് എടുത്ത തീരുമാനമല്ലെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപക്കുമുകളിലുള്ള പദ്ധതികള്‍ക്ക് ചുങ്കം പിരിക്കാമെന്നുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

Nainar Ponnani

 
ഇന്നലെ 17-05-2012 ന് ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റേതാണ് മേലെ ദൃശ്യം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 90% പണി പൂർത്തിയാക്കിയ പദ്ധതി തങ്ങളുടേതാണെന്ന് എട്ടുകാലിമമ്മൂഞ്ഞു സ്റ്റൈലിൽ വീരവാദം മുഴക്കിയതിനോട് എതിർപ്പില്ല. കുംഭകോണം നടത്തിയതാണെങ്കിലും കടവനാട്ടുകാർ ഗംഗാധരന്റെ പൈപ്പ് എന്നോർക്കുന്നപോലെ പാലോളിയുടെ പാലമെന്നു തന്നെയാകും ഒരു പക്ഷേ ജനം പാലത്തെ ഓർക്കുക. എന്നാൽ പദ്ധതിയുടെ 90% കഴിയുന്നതുവരെയില്ലാതിരുന്ന ടോൾ എന്ന ജനദ്രോഹത്തെ യാത്രക്കാരിലേക്ക് അടിച്ചേൽ‌പ്പിച്ച ഉമ്മൻ‌ചാണ്ടിക്ക് ഉദ്ഘാടന ദിവസം ജനങ്ങളുടെ മുന്നിൽ വന്നങ്ങിനെ ഞെളിഞ്ഞു നിൽക്കാൻ നാണം തോന്നിയില്ലേ എന്നതാണ് ശങ്ക.

തൊലിക്കട്ടിയിൽ കുഞ്ഞാലിക്കുട്ടിയെ കവിച്ചു വെക്കാൻ കേരളരാഷ്ട്രീയത്തിൽ മറ്റാരുമില്ലാത്തതുകൊണ്ടാകും കുഞ്ഞാപ്പയുമുണ്ടായിരുന്നു ഉദ്ഘാടനത്തിന്. ചാണ്ടി കുഞ്ഞാപ്പയെ മുന്നിൽ നിർത്തിയാകണം (ഭീഷ്മർ ശിഖണ്ടിയെ മുൻ നിർത്തിയ പൊലെ) തന്റെ നാണം മറച്ചത്. രണ്ടു വർഷംകൊണ്ട് 90% പൂർത്തിയായ പദ്ധതി പഴയ സർക്കാർ ഇറങ്ങുന്നതിനു മുൻപൊരു ജനീകീയ ഉദ്ഘാടനം നടന്നതാണ്. അതൊരു രാഷ്ട്രീയ മമാങ്കമായിരുന്നു എന്നതിനു സംശയമില്ല. ബാക്കി വന്ന 10% പൂർത്തിയാകാൻ ഒരു വർഷത്തോളമെടുത്തത് ഭരണവേഗതയെ വിലയിരുത്തലാകുമെങ്കിൽ അതിവേഗം ബഹുദൂരമെന്നു തന്നെയാണ് ഈ ഭരണത്തെ വിശേഷിപ്പിക്കേണ്ടത്. വില്ലേജാപ്പീസുകളിൽ കയറിയിറങ്ങി താനൊരു നല്ല വില്ലേജാപ്പീസറാകാൻ യോഗ്യനാണ് എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതുകൊണ്ട് മുന്നിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്കും പിന്നിൽ നിന്ന് പിസി ജോർജ്ജച്ചായനും കളി നിയന്ത്രിക്കാം.

പറഞ്ഞുവന്നത് പാലമാണല്ലോ. പാലവും ടോളും മാത്രമല്ല അതിലേക്കൊരു റോഡുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടല്ലോ. ഉദ്ഘാടനം ചെയ്യപ്പെട്ട റോഡിന്റേതാണ് മുകളിലെ ചിത്രം. ഫെയ്സ് ബുക്കിൽ Thaha Pni എന്ന സുഹൃത്ത് പറയുന്നു “ചപ്പാത്തിക്ക് മാവ് കുഴചെതുപോലുണ്ട് ...” എത്ര വാസ്തവം. ബാക്കി 10% ത്തിലേതാണ് അപ്രോച്ച് റോഡ്. ഈ സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക റോഡ്, ടോൾ, ബാക്കി പണി പൂർത്തിയാകാനും ഉദ്ഘാടനം ചെയ്യാനും ഉണ്ടായ കാലതാമസം എന്നിവയുടെ ഒരു ചെറിയ വിശകലനം കൊണ്ടു തന്നെ ബോധ്യമാണ്. ചെന്നിത്തല കോഴിക്കോട് ഉപവാസത്തിലാണ്. ആദ്യമായല്ല കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. രാഷ്ട്രീയ കൊലപാതക്കെ ന്യായീകരിക്കുന്നില്ല. ചെന്നിത്തലയുടെ ഉപവാസത്തിന് സിപി‌എമ്മിന്റെ കൊലപാതകരാഷ്ട്രീയം മാത്രമല്ല ലക്ഷ്യം. മുന്നിലും പിന്നിലുമിരുന്ന് നയിക്കാൻ അപ്പോഴും കാണും പിസിയും കുഞ്ഞാപ്പയും എന്നതിന് തർക്കവുമില്ല. ഉമ്മൻ ചാണ്ടിയുടെ കേരളഭരണം ദീർഘദീർഘം നീളട്ടെ എന്നല്ലാതെ എന്തു പറയാൻ!

എഴുതിയത്: പൊന്നാക്കാരൻ

ഫോട്ടോ അയച്ചുതന്നത് Salih Mms
 
ലോകത്തിലേക്ക് ഏറ്റവും സുന്ദരിയായി ബ്രഹ്മാവു പടച്ചുവിട്ട അഹല്ല്യയുടെ കഥയാണ് ചമ്രവട്ടം പാലത്തിനും പറയാനുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയൊക്കെയാണെങ്കിലും ഒരു സന്യാസിയുടെ ഭാര്യയായി ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടി വരികയും ഇന്ദ്രന്റെ സൂത്രപ്പണിയിൽ ചതിക്കപ്പെട്ട് ഭർത്താവിനാൽ ശപിക്കപ്പെട്ട് കല്ലായി തീരുകയും ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവുകാത്തുകിടക്കുകയും ചെയ്തു അഹല്ല്യ.  സുന്ദരിയായ അഹല്ല്യയും പ്രയോജനപ്രദമായ പദ്ധതിയും പലയിടത്തും നേരിടുന്നത് ഒരേ അവസ്ഥ തന്നെ. അത് രാഷ്ട്രീയം.

കഥയിൽ അഹല്യ നീണ്ട പാറ ജീവിതത്തിൽ നിന്ന് മോചിതയാകുന്നത് ശ്രീരാമന്റെ പാദശ്പർശത്താലാണെങ്കിൽ മുൻ എം‌എൽ‌എ പാലോളി മുഹമ്മദുകുട്ടിയുടെ ആർജ്ജവത്തിന്റെ ഫലമാണ് പൊന്നാനിക്കാരുടെ സ്വപ്നപദ്ധതിയുടെ യാഥാർത്ഥ്യമാകൽ. ഇന്ന് പൊന്നാനിയിൽ കണ്ടത് അതിന്റെ ആഘോഷമാണ്. 1984 ൽ തറക്കല്ലിട്ട പദ്ധതിക്ക് അങ്ങിനെ 2012 ൽ 28 വർഷത്തിനു ശേഷം ഉദ്ഘാടനമായിരിക്കുന്നു!

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ  വ്യവസായ മന്ത്രി ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മുൻ എം‌എൽ‌എ ശ്രീ പാലോളി മുഹമ്മദ് കുട്ടി, പൊന്നാനി എം‌എൽ‌എ ശ്രീ. ശ്രീരാമകൃഷ്ണൻ, തവനൂർ എംഎൽ‌എ കെ.ടി. ജലീൽ എന്നിവരും സന്നിഹിതരായിരുന്നു.

                                 ചമ്രവട്ടം പാലം ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം

ചമ്രവട്ടം പാലം ഉദ്ഘാടനം വിവിധ ദൃശ്യങ്ങൾ : പകർത്തിയത് സോഷ്യൽ  മീഡിയയിലെ സുഹൃത്തുക്കൾ

Picture
Photo:Thaha Pni
Picture
Photo: Nazik Rahman
Picture
Photo: Liyakath MK
Picture
Photo: Unni Kadavanad
Picture
Photo: Unni Kadavanad
ചമ്രവട്ടം പാലം ഉദ്ഘാടനം -17-05-12. വിവിധ ദൃശ്യങ്ങൾ
 
പൊന്നാനിയുടെ ചരിത്രം ഏറെക്കാലം ഓർത്തുവെക്കും പാലോളി മുഹമ്മദുകുട്ടിയുടെ നാമമെന്നതിൽ തർക്കമില്ല. ഏട്ടിലെ പശുവിനെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് ജീവൻ‌‌വെപ്പിച്ച പൊന്നാനിയുടെ പ്രിയപ്പെട്ട മുൻ എം‌എൽ‌എ. ചമ്രവട്ടം പദ്ധതി, ബിയ്യം പാലം, ബിയ്യം തൂക്കുപാലം, ഫിഷിങ്ങ്‌ഹാർബർ തുടങ്ങി സ്വപ്നപദ്ധതികൾ യാഥാർത്ഥ്യത്തിലെത്തിച്ചു. ചമ്രവട്ടം പദ്ധതി ഷട്ടറിന്റെ ജോലി ബാക്കി നിൽക്കേ ധൃതിപിടിച്ച് ജനകീയ ഉദ്ഘാടനം നടത്തിയത് രാഷ്ട്രീയം. അത് ആർക്കും മനസ്സിലാകുകയും ചെയ്യും. ഇലക്ഷൻ സ്റ്റണ്ടിൽ പിടിച്ചു നിൽക്കണ്ടേ...

എന്നാൽ പൊന്നാനി ഫിഷിങ്ങ് ഹാർബറിന്റെകാര്യത്തിൽ കെടുകാര്യസ്ഥതയും അനാവശ്യധൃതിയും ആ പദ്ധതിയെ അതിന്റെ ഗുണഫലത്തിനു വിപരീതമായ ഫലത്തിലേക്കു കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എഞ്ചിനീയർമാരുടെ കെടുകാര്യസ്ഥതയോ ഭരണപരമായ അശ്രദ്ധയോ അഴിമതിയോ എന്തു തന്നെയായാലും ജനങ്ങളുടെ നികുതിപ്പണം കടലിലൊഴുക്കിക്കളയുന്നതിന് അമരത്തിരുന്ന് സാക്ഷ്യം വഹിക്കേണ്ടി വന്ന എം‌എൽ‌എ എന്ന ചീത്തപ്പേരുകൂടി തന്റെ അക്കൌണ്ടിൽ എഴുതിവെക്കേണ്ടി വരുന്നത് വിരിഞ്ഞുനിൽക്കുന്ന റോസാപ്പൂക്കൾക്കിടയിൽ പുഴുക്കുത്തേറ്റ ഒരു ഇല കാഴ്ചയെ അലോസരപ്പെടുത്തുന്നതുപോലെ അരുചി ഉണ്ടാക്കുന്നുണ്ട്. 

സോഷ്യൽ നെറ്റുവർക്കു സൈറ്റുകളിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നു.
Picture
Abdulla Ponani അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് വാളിൽ ഇങ്ങനെ എഴുതുന്നു: “പൊന്നാനി മത്സ്യ ബന്ധന തുറമുഖം............! ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും നിർമ്മാണത്തിലെ അപാകത മൂലം ബോട്ടുകൾക്ക് അടുക്കാൻ കഴിയാത്തതിനാൽ മത്സ്യതൊഴിലാളികൾ ഉപയോഗിക്കാതെ കോടികണക്കിന് രൂപ നശിക്കുന്നു.......................!“

അതേ പോസ്റ്റിൽ Nizar Pni  തന്റെ കമന്റിൽ സാമൂഹികവിഷയങ്ങളിൽ പ്രതികരണശേഷി നഷ്ടപ്പെട്ട  നമ്മുടെ പൊതുജനത്തെക്കുറിച്ച് നിരാ‍ശനാവുന്നു “ ഇങ്ങനെ പൊതു സ്വഭാവമുള്ള വിഷയങ്ങളില്‍ കേരളത്തില്‍ പലേടത്തും പൊതുജനങ്ങള്‍ ഒറ്റ കെട്ടാവുന്നത് നമ്മള്‍ വാര്‍ത്തകളില്‍ കാണുന്നു പക്ഷെ പൊന്നാനിയില്‍ മാത്രം അത് സംഭവിക്കുന്നില്ല .. നാട്ടില്‍ സാംസ്കാരിക / സാമൂഹ്യ സംഘടനകള്‍ക്ക് ഒരു ക്ഷാമവുമില്ല .. കലാ കായികം എന്ന് കേട്ടാല്‍ അവര്‍ മുന്‍പന്തിയില്‍ ഉണ്ട് ... എന്ത് കൊണ്ട് ഇത്തരം വികസന വിഷയങ്ങളില്‍ അവര്‍ ഇടപെടുന്നില്ല ?? രാഷ്ട്രീയക്കാരെ കൊണ്ട് ഒരു നല്ല കാര്യം പോലും നമുക്ക് കിട്ടാന്‍ പോകുന്നില്ല ......”
Link: http://www.facebook.com/photo.php?fbid=282321488515328&set=a.107973029283509.17166.100002124364159&type=3

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഏറെക്കുറെ പൂർത്തീകരിക്കുകയും ഷട്ടർ ജോലികൾ കഴിഞ്ഞ വർഷം നവമ്പറോടെ കഴിയുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്ന ചമ്രവട്ടം പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ അകാരണമായ നീട്ടിക്കൊണ്ടുപോകലും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. കഴിഞ്ഞ ഡിസംബറിൽ പദ്ധതിപ്രദേശം സന്ദർശിച്ച ജലവിഭവവകുപ്പുമന്ത്രി പി.ജെ ജോസഫ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുമെന്ന് ഉറപ്പു നൽകിയിരുന്നു. പിന്നീട് സന്ദർശിച്ച മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് ഏപ്രിലിൽ നടക്കുമെന്ന് ഉറപ്പിച്ചു. ഗണപതിയുടെ കല്ല്യാണം പോലെ നീണ്ടു നീണ്ടു പോകുന്ന ഉദ്ഘാടത്തെക്കുറിച്ച്  Shejith Ennazhiyil തന്റെ ഫെയ്സ്ബുക്ക് വാളിൽ രണ്ടു മന്ത്രിമാരുടെ പ്രഖ്യാപനങ്ങളുടേയും പത്രകട്ടിങ്ങുകൾ പോസ്റ്റു ചെയ്തു കൊണ്ടാണ് പ്രതികരിക്കുന്നത്.
ലിങ്ക്:  http://www.facebook.com/photo.php?fbid=1792923559878&set=a.1334200172080.35606.1743331392&type=3&theater

ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കു സമർപ്പിച്ച പരാതിയുടെ കോപ്പിയും ഷെജിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്
അറബുലോകത്തെ മാറ്റിമറിച്ച മുല്ലപ്പൂവിപ്ലവം കൊണ്ടുവന്ന സോഷ്യൽനെറ്റുവർക്കുകൾ നമ്മുടെ പൊതുമണ്ഡലത്തിലും സജീവമാകുകയാണ്. ഒന്നിനും കൊള്ളാത്തരാഷ്ട്രീയ നേതൃത്വങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന സാമാന്യവത്കരണത്തിൽ വിഷയത്തെ ഉപേക്ഷിച്ചു പോകുന്ന ഘട്ടം പിന്നിട്ടിരിക്കുന്നു. നമുക്കും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന ഒരു പൊതു ബോധ്യം വളർന്നു വരുന്നുണ്ട്. ശക്തമായ അഭിപ്രായരൂപീകരണത്തെ ഒരു അധികാരിക്കും പുറന്തള്ളാനാകില്ല എന്ന് കാലം തെളിയിക്കട്ടെ!