Picture
പൊന്നാനി ഫിഷിങ്ങ് ഹാർബറിനോടുള്ള അധികാരികളുടെ അവഗണനയിലും നിർമ്മാണത്തിൽ വന്ന അപാകതയിലും തങ്ങൾക്കുള്ള രോഷം അറിയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളിയൂണിയൻ കോടതിപ്പടിയിൽ ഫ്ലെക്സ് ബോഡ് സ്ഥാപിച്ചു. ഹാർബറിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നു പറയുന്ന ഫ്ലെക്സ് അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അഴിമതിക്കാരെ ശിക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

പ്രസ്തുത വിഷയത്തെച്ചൊല്ലി മത്സ്യത്തൊഴിലാളികൾ  പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങിയിരിക്കയാണ്.

നൗഷാദ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം  ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യമുന്നയിച്ചു. ഫജീഷ്, ഫസ്‌ലുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധം: പൊന്നാനി ഹാർബർ കോടികൾ വെള്ളത്തിലായോ....? സോഷ്യൽ നെറ്റുവർക്കുകൾ പ്രതികരിക്കുന്നു.
ഫോട്ടോ: http://www.facebook.com/photo.php?fbid=310627972339149&set=at.136227039779244.25334.100001758461302.100002124364159&&theater

 
പൊന്നാനിയുടെ ചരിത്രം ഏറെക്കാലം ഓർത്തുവെക്കും പാലോളി മുഹമ്മദുകുട്ടിയുടെ നാമമെന്നതിൽ തർക്കമില്ല. ഏട്ടിലെ പശുവിനെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് ജീവൻ‌‌വെപ്പിച്ച പൊന്നാനിയുടെ പ്രിയപ്പെട്ട മുൻ എം‌എൽ‌എ. ചമ്രവട്ടം പദ്ധതി, ബിയ്യം പാലം, ബിയ്യം തൂക്കുപാലം, ഫിഷിങ്ങ്‌ഹാർബർ തുടങ്ങി സ്വപ്നപദ്ധതികൾ യാഥാർത്ഥ്യത്തിലെത്തിച്ചു. ചമ്രവട്ടം പദ്ധതി ഷട്ടറിന്റെ ജോലി ബാക്കി നിൽക്കേ ധൃതിപിടിച്ച് ജനകീയ ഉദ്ഘാടനം നടത്തിയത് രാഷ്ട്രീയം. അത് ആർക്കും മനസ്സിലാകുകയും ചെയ്യും. ഇലക്ഷൻ സ്റ്റണ്ടിൽ പിടിച്ചു നിൽക്കണ്ടേ...

എന്നാൽ പൊന്നാനി ഫിഷിങ്ങ് ഹാർബറിന്റെകാര്യത്തിൽ കെടുകാര്യസ്ഥതയും അനാവശ്യധൃതിയും ആ പദ്ധതിയെ അതിന്റെ ഗുണഫലത്തിനു വിപരീതമായ ഫലത്തിലേക്കു കൊണ്ടു ചെന്നെത്തിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. എഞ്ചിനീയർമാരുടെ കെടുകാര്യസ്ഥതയോ ഭരണപരമായ അശ്രദ്ധയോ അഴിമതിയോ എന്തു തന്നെയായാലും ജനങ്ങളുടെ നികുതിപ്പണം കടലിലൊഴുക്കിക്കളയുന്നതിന് അമരത്തിരുന്ന് സാക്ഷ്യം വഹിക്കേണ്ടി വന്ന എം‌എൽ‌എ എന്ന ചീത്തപ്പേരുകൂടി തന്റെ അക്കൌണ്ടിൽ എഴുതിവെക്കേണ്ടി വരുന്നത് വിരിഞ്ഞുനിൽക്കുന്ന റോസാപ്പൂക്കൾക്കിടയിൽ പുഴുക്കുത്തേറ്റ ഒരു ഇല കാഴ്ചയെ അലോസരപ്പെടുത്തുന്നതുപോലെ അരുചി ഉണ്ടാക്കുന്നുണ്ട്. 

സോഷ്യൽ നെറ്റുവർക്കു സൈറ്റുകളിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ചകൾ നടക്കുന്നു.
Picture
Abdulla Ponani അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് വാളിൽ ഇങ്ങനെ എഴുതുന്നു: “പൊന്നാനി മത്സ്യ ബന്ധന തുറമുഖം............! ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നിട്ടിട്ടും നിർമ്മാണത്തിലെ അപാകത മൂലം ബോട്ടുകൾക്ക് അടുക്കാൻ കഴിയാത്തതിനാൽ മത്സ്യതൊഴിലാളികൾ ഉപയോഗിക്കാതെ കോടികണക്കിന് രൂപ നശിക്കുന്നു.......................!“

അതേ പോസ്റ്റിൽ Nizar Pni  തന്റെ കമന്റിൽ സാമൂഹികവിഷയങ്ങളിൽ പ്രതികരണശേഷി നഷ്ടപ്പെട്ട  നമ്മുടെ പൊതുജനത്തെക്കുറിച്ച് നിരാ‍ശനാവുന്നു “ ഇങ്ങനെ പൊതു സ്വഭാവമുള്ള വിഷയങ്ങളില്‍ കേരളത്തില്‍ പലേടത്തും പൊതുജനങ്ങള്‍ ഒറ്റ കെട്ടാവുന്നത് നമ്മള്‍ വാര്‍ത്തകളില്‍ കാണുന്നു പക്ഷെ പൊന്നാനിയില്‍ മാത്രം അത് സംഭവിക്കുന്നില്ല .. നാട്ടില്‍ സാംസ്കാരിക / സാമൂഹ്യ സംഘടനകള്‍ക്ക് ഒരു ക്ഷാമവുമില്ല .. കലാ കായികം എന്ന് കേട്ടാല്‍ അവര്‍ മുന്‍പന്തിയില്‍ ഉണ്ട് ... എന്ത് കൊണ്ട് ഇത്തരം വികസന വിഷയങ്ങളില്‍ അവര്‍ ഇടപെടുന്നില്ല ?? രാഷ്ട്രീയക്കാരെ കൊണ്ട് ഒരു നല്ല കാര്യം പോലും നമുക്ക് കിട്ടാന്‍ പോകുന്നില്ല ......”
Link: http://www.facebook.com/photo.php?fbid=282321488515328&set=a.107973029283509.17166.100002124364159&type=3

കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഏറെക്കുറെ പൂർത്തീകരിക്കുകയും ഷട്ടർ ജോലികൾ കഴിഞ്ഞ വർഷം നവമ്പറോടെ കഴിയുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്ന ചമ്രവട്ടം പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ അകാരണമായ നീട്ടിക്കൊണ്ടുപോകലും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. കഴിഞ്ഞ ഡിസംബറിൽ പദ്ധതിപ്രദേശം സന്ദർശിച്ച ജലവിഭവവകുപ്പുമന്ത്രി പി.ജെ ജോസഫ് ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുമെന്ന് ഉറപ്പു നൽകിയിരുന്നു. പിന്നീട് സന്ദർശിച്ച മന്ത്രി കുഞ്ഞാലിക്കുട്ടി സാഹിബ് ഏപ്രിലിൽ നടക്കുമെന്ന് ഉറപ്പിച്ചു. ഗണപതിയുടെ കല്ല്യാണം പോലെ നീണ്ടു നീണ്ടു പോകുന്ന ഉദ്ഘാടത്തെക്കുറിച്ച്  Shejith Ennazhiyil തന്റെ ഫെയ്സ്ബുക്ക് വാളിൽ രണ്ടു മന്ത്രിമാരുടെ പ്രഖ്യാപനങ്ങളുടേയും പത്രകട്ടിങ്ങുകൾ പോസ്റ്റു ചെയ്തു കൊണ്ടാണ് പ്രതികരിക്കുന്നത്.
ലിങ്ക്:  http://www.facebook.com/photo.php?fbid=1792923559878&set=a.1334200172080.35606.1743331392&type=3&theater

ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കു സമർപ്പിച്ച പരാതിയുടെ കോപ്പിയും ഷെജിത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്
അറബുലോകത്തെ മാറ്റിമറിച്ച മുല്ലപ്പൂവിപ്ലവം കൊണ്ടുവന്ന സോഷ്യൽനെറ്റുവർക്കുകൾ നമ്മുടെ പൊതുമണ്ഡലത്തിലും സജീവമാകുകയാണ്. ഒന്നിനും കൊള്ളാത്തരാഷ്ട്രീയ നേതൃത്വങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം എന്ന സാമാന്യവത്കരണത്തിൽ വിഷയത്തെ ഉപേക്ഷിച്ചു പോകുന്ന ഘട്ടം പിന്നിട്ടിരിക്കുന്നു. നമുക്കും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന ഒരു പൊതു ബോധ്യം വളർന്നു വരുന്നുണ്ട്. ശക്തമായ അഭിപ്രായരൂപീകരണത്തെ ഒരു അധികാരിക്കും പുറന്തള്ളാനാകില്ല എന്ന് കാലം തെളിയിക്കട്ടെ!