അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.

പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ  പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.

“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“

പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.

കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.

കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.

ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
 
താലൂക്കിലെ കുന്നിടിക്കൽ മണലൂറ്റ് കേസുകളിന്മേൽ ചര്‍ച്ചചെയ്യാന്‍ തിരൂര്‍ ഡിവൈ.എസ്.പി ബുധനാഴ്ച വിളിച്ചിരുന്ന യോഗം ചൊവ്വാഴ്ച നാലുമണിയിലേയ്ക്ക് മാറ്റി. പൊന്നാനി താലൂക്ക് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ഡിവൈ.എസ്.പി, ആര്‍.ഡി.ഒ, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

യോഗത്തിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടേയും അനധികൃത പ്രകൃതിവിഭവ ചൂഷകരുടേയും മാഫിയാനിയമ വാഴ്ചക്ക് തടയിടുന്നതിന് വേണ്ട നടപടികൾ കൂടി ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.