Picture
തിരൂർ പൊന്നാനിപ്പുഴയിൽ ജലത്തിലെ മാലിന്യതോത് അമിതമായരീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിൽനിന്ന് പുഴയെ സംരക്ഷിക്കുക എന്ന ദൗത്യവുമായി തിരൂരിലെ വനിതകൾ രംഗത്തിറങ്ങി.

കുടുംബശ്രീ, മഹിളാകോൺഗ്രസ് തുടങ്ങിയ സ്ത്രീസംഘങ്ങളാണ് പുഴയിലൂടെ 'ജലയാത്ര' സംഘടിപ്പിച്ചുകൊണ്ട് കാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി തിരൂരിലെ അയ്യായിരം കുടുംബങ്ങളിലെ വനിതകളിൽനിന്നും ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിക്ക് പരാതി സമർപ്പിക്കും.

പൊന്നാനിപ്പുഴയുടെ തിരൂർ-തലക്കടത്തൂർ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മത്സ്യങ്ങൾ ചത്തുപൊന്തിയത് ജലത്തിലെ അണുബാധയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു.പ്രദേശത്തെ ഹോട്ടലുകളിലേയും ഹോസ്പിറ്റലുകളിലേയും മാലിന്യങ്ങൾ പുഴയിലേക്കു തള്ളുന്നതാണ് കൂടിയതോതിലുള്ള മലിനീകരണത്തിന്റെ ഹേതുവെന്നാണ് പ്രാഥമിക നിഗമനം.

ജലത്തിലെ രാസമാലിന്യങ്ങൾ അതിലെ ഓക്സിജന്റെ അളവിൽ ഉണ്ടാക്കിയ കുറവാണ് മത്സ്യങ്ങൾ ചത്തുപൊന്തുന്നതിന് കാരണമായിട്ടുള്ളതെന്നാണ് പാരിസ്ഥിതികവിദഗ്ദരുടെ അഭിപ്രായം. തലക്കടത്തൂർ, തിരൂർ, താഴേപ്പാലം, മാങ്ങാട്ടിരിക്കടവ്, വെട്ടം, കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് എന്നിവിടങ്ങളിൽ പുഴവെള്ളം കറുത്തനിറത്തിലാണ് കാണപ്പെടുന്നത്.

പുഴയിലെ മലിനജലം മൂലം തിരൂർ നഗരം, തലക്കടത്തൂർ, വെട്ടം, മംഗലം പഞ്ചായത്ത് തുടങ്ങിയിടങ്ങളിൽ പുഴയോരത്തു താമസിക്കുന്നവരിൽ ചർമ്മരോഗങ്ങൾ കണ്ടുവരുന്നുണ്ട്.

രഹസ്യ അജണ്ടകളോ രാഷ്ട്രീയലാഭമോ ലക്ഷ്യം വെക്കാതെ, ഈ വിഷയത്തിൽ അധികാരികൾക്കുള്ള നിസംഗമനോഭാവത്തിനെതിരെ സ്ത്രീ സംഘങ്ങളും മറ്റു സംഘടനകളും ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് മഹിളാകോൺഗ്രസ് സംസ്ഥാനസെക്രട്ടറി ഫാത്തിമാബീവി പറഞ്ഞു. ഈ വിഷയത്തിൽ ഗവണ്മെന്റ് എടുത്തിട്ടുള്ള നടപടികൾ പ്രശ്നപരിഹാരത്തിന് അപര്യാപ്തമാണെന്നും പുഴയെ സംരക്ഷിക്കുന്നതിന് ഒരു 'പ്രത്യേക പദ്ധതി' പ്രഖ്യാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

courtesy: http://timesofindia.indiatimes.com/city/kozhikode/Women-groups-join-hands-to-protect-Ponnani-river/articleshow/14252501.cms



 
അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.

പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ  പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.

“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“

പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.

കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.

കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.

ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
 
Picture
കുടിവെള്ള   പദ്ധതിക്കായി കടവനാട് ഇറക്കിയ  പൈപ്പ് Photo: Unni Kadavanad
കടവനാടിനു വേണ്ടി പ്രത്യേക കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച പൊന്നാനി നഗരസഭയ്ക്കും തീരദേശ വികസന കോർപ്പറേഷനും കടവനാട് മാഗസിന്റെ നന്ദി അറിയിക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള മാതൃഭൂമി വാർത്ത:

പൊന്നാനി: കാലങ്ങളായുള്ള കടവനാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന പൊന്നാനി നഗരസഭയിലെ കിഴക്കന്‍ മേഖലയായ കടവനാട്ടെ ശുദ്ധജലവിതരണം പുനഃസ്ഥാപിക്കാന്‍ 40 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ജല അതോറിറ്റിയുടെ ചമ്രവട്ടം ജങ്ഷനിലെ ടാങ്കില്‍നിന്ന് കടവനാട് ഭാഗതേക്ക് വെള്ളമെത്തിക്കുന്നത് വ്യാസം കുറഞ്ഞ കാലഹരണപ്പെട്ട പൈപ്പുകള്‍ വഴിയാണ്. കടവനാട് ഭാഗത്തേക്ക് ശുദ്ധജലമെത്തുന്ന െൈപപ്പ് വലുപ്പം കൂട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇനിമുതല്‍ തൃക്കാവ് മഹിളാസമാജത്തിനടുത്തെ ടാങ്കില്‍ നിന്നായിരിക്കും വെള്ളം വിതരണംചെയ്യുക.

കടവനാട് മേഖലയിലെ വീടുകളില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയിട്ടുണ്ട്. തീരദേശ മേഖലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് 30 ലക്ഷം രൂപയുടെ പദ്ധതിയില്‍ 20 ലക്ഷം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിപ്രകാരവും 20 ലക്ഷം തീരദേശ വികസന കോര്‍പ്പറേഷനില്‍ നിന്നുമാണ്.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കടവനാട് പടന്നേലകത്ത് ക്ഷേത്രപരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ബീവി നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി അധ്യക്ഷതവഹിച്ചു. എം. ഹൈദരലി, എം.പി. സീനത്ത്, പുന്നക്കല്‍ സുരേഷ്, സി.പി. മുഹമ്മദ്കുഞ്ഞി, ആയിഷ അബ്ദു, മുള്ളത്ത് സതി, എം. റീന, ഷീബ സുരേഷ്, നഗരസഭാ സൂപ്രണ്ട് രാജന്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ കുമാരി മിനി എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധം : ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചു കടവനാട് ഹരിജന്‍ കോളനി..!!
 
ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചു കടവനാട് ഹരിജന്‍ കോളനി..!


കഴിഞ്ഞ രണ്ടു മാസമായി ശുദ്ധജല വിതരണം പാടെ നിലച്ചുപോയതിനാല്‍ കടവനാട് ഹരിജന്‍ കോളനിവാസികള്‍ ദുരിതത്തില്‍ കഴിയുന്നു.. പട്ടികജാതി ക്ഷേമത്തിനെന്ന പേരില്‍ വീടുകള്‍ തോറും വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കിയിരുന്നു.. കണക്ഷന്‍ ലഭിച്ചും നാളിതുവരെ ആ പൈപ്പുകളില്‍ നിന്നും തുള്ളി വെള്ളം ലഭിച്ചിട്ടില്ല.. മാത്രവുമല്ല കഴിഞ്ഞ രണ്ടുമാസക്കാലമായി പഞ്ചായത്ത് പൈപുകളില്‍ നിന്നും ലഭിച്ചിരുന്ന കുടിവെള്ളവിതരണം പൂര്‍ണ്ണമായും സ്തംപിച്ചതിനാല്‍ നാട്ടുകാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്... 

കടവനാട് വാരിയത്ത് പടി റോഡില്‍ പഴയ കള്ളുഷാപ് മുതല്‍ മീനാക്ഷിപാലം വരെയാണ് പൂര്‍ണ്ണമായും വിതരണം നിലച്ചത്.. ഈ ഭാഗത്ത്‌ താമസിക്കുന്ന ഹരിജനങ്ങളുള്‍പ്പെടുന്ന നൂറ്റന്‍പതോളം കുടുമ്പങ്ങളാണ് ദുരിതമനുഭവിക്കുന്നത്.. ഈ ഭാഗത്തെ പൈപ്പുകള്‍ അടഞ്ഞത് മൂലമാണ് ഈ പ്രദേശത്തേക്ക് വെള്ളം ലഭിക്കാത്തത് എന്നതിനാല്‍ വാട്ടര്‍ അതോരിട്ടിക്കാര്‍ കഴിഞ്ഞവര്‍ഷം പുതിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു.. പക്ഷെ ഈ വര്‍ഷവും ഈ പ്രദേശം കുടിവെള്ളത്തിന്റെ പേരില്‍ ബുദ്ധിമുട്ടുമ്പോള്‍ തക്കതായ പരിഹാര മാര്‍ഗ്ഗം കാണാതെ അധികാരികള്‍ കഴിഞ്ഞ വര്‍ഷത്തെപോലെ ആ ഭാഗത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ചെറിയ വാഹനത്തില്‍ വെള്ളമെത്തിക്കുകയാണ്... .. ഇത് മൂലം റോഡിനു ഇരുവശത്തുമുള്ളവര്‍ക്ക് മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂ... 


പടുന്നെലകത്തു ക്ഷേത്ര പരിസരത്ത് താമസിക്കുന്ന അന്‍പതോളം കുടുമ്പങ്ങള്‍ ആ ഭാഗത്തേക്ക്‌ വാഹന സൗകര്യം ഇല്ലാത്തത് മൂലം വെള്ളവുമില്ല എന്ന അവസ്ഥയിലാണ്.. പുഴയാലും തോടുകളാലും ചുറ്റപ്പെട്ട കടവനാട്ടില്‍ കിണറുകളിലെല്ലാം ലഭിക്കുന്നതു ഉപ്പുവെള്ളം ആയതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കനിവില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ്..!!  

പരിസരങ്ങളില്‍ നടക്കുന്ന വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ഞങ്ങള്‍ നാട്ടുകാര്‍ കുടിവെള്ളത്തിനായി പോകുന്നത് വെളിയങ്കോട്ടെയും പുതുപൊന്നാനിയിലെയും വീടുകളിലേക്കാണ് .. അവിടുത്തെ നല്ല മനസ്സുള്ള ആളുകളുടെ സഹകരണം എടുത്തു പറയേണ്ട ഒരു കാര്യവുമാണ് .. നാട് മുഴുവന്‍ വികസനത്തിന്റെ കുതിപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ്.. 


അധികാരികള്‍ ഞങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് ..ഒരു കടവനാട്ടുകാരന്‍....!!!! 


എഴുതിയത് സിദ്ധീഖ് കടവനാട്