Picture
പൊന്നാനി:വെളിയങ്കോട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കാന്‍ കടവനാട് പൂക്കൈത പുഴയില്‍ പാലം നിര്‍മാണത്തിനുള്ള പൈലിങ് തുടങ്ങി.

200 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും നടപ്പാതയോടുകൂടിയാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചാവക്കാട് നാഷണല്‍ ഹൈവെ അതോറിറ്റിയാണ് പൈലിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൈലിങ്ങിനായി പൊന്നാനി നഗരസഭ ഏഴുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ടെന്ന് പദ്ധതി പ്രദേശത്തെ കൗണ്‍സിലര്‍മാരായ പുന്നക്കല്‍ സുരേഷും ആയിഷയും പറഞ്ഞു. കടവനാട് പ്രദേശത്തുള്ളവരുടെ ദീര്‍ഘകാല സ്വപ്നമാണ് പൂക്കൈത കടവ് പാലം. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പുഴയുടെ ഇരു കരകളിലും പുഴയിലും പാലം നിര്‍മിക്കാനുള്ള പാറ കണ്ടെത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് 20 കോടിയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പൊന്നാനി നഗരസഭയില്‍നിന്ന് വെളിയങ്കോട് പഞ്ചായത്തിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം കുറയും.

മാത്രമല്ല ചമ്രവട്ടം പാലം വഴി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ചമ്രവട്ടം പള്ളപ്രം ദേശീയപാതയിലെ ഉറൂബ്‌നഗര്‍ വഴി പൂക്കൈത കടവ് പാലത്തിലൂടെ പോയാല്‍ 43 കിലോമീറ്ററോളം ലാഭിക്കാം.

സുഹൃത്തുക്കളെ മാതൃഭൂമിയിലെ ഈ സന്തോഷവാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. അപ്ഡേറ്റു ചെയ്യുവാൻ കഴിയുന്നവർ http://www.facebook.com/photo.php?fbid=488547264493035&set=a.488546847826410.130216.100000132974934&&ref=nf# ഈ ഫെയ്സ്ബുക്ക് വിലാസത്തിൽ വിവരങ്ങളും ചിത്രങ്ങളും അപ്ഡേറ്റുചെയ്താൽ കിട്ടുന്ന മുറക്ക് കടവനാടുമാഗസിനിൽ പ്രസിദ്ധീകരിക്കുകയും വിദേശത്തുള്ള കടവനാട്ടുകാർക്ക് അതൊരു അനുഗ്രഹമാകുകയും ചെയ്യുമെന്ന് കരുതുന്നു. സഹകരിക്കുമെന്ന പ്രതീക്ഷയോടെ...
email: [email protected]

അനുബന്ധം :
“മെട്രോ റെയിലും ആകാശനഗരവുമല്ല ഒരു കൊച്ചുപാലം” കേൾക്കുന്നുണ്ടോ.... കേൾക്കുന്നുണ്ടോ....
                      അഞ്ചാംനമ്പർ പാലം ഒരു രാഷ്ട്രീയ തരികിട


 

ഉത്സവാന്തരീക്ഷത്തില്‍ ചമ്രവട്ടം പാലം തുറന്നു: ഇരുകരയുമൊന്നായ്...

Picture
നിളയ്ക്കുകുറുകെ പാലത്തിലൂടെ ഇരുകരകളുമെത്തി. ഹൃദയത്തില്‍ ഇത്രനാള്‍ സൂക്ഷിച്ച മോഹം യാഥാര്‍ഥ്യമായതിന്റെ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഓരോ മനസ്സിലുമുണ്ടായിരുന്നു. അവര്‍ ഉള്ളംനിറഞ്ഞ് നടന്നപ്പോള്‍ പുഴയ്ക്കുമേലെ പോക്കുവെയിലില്‍ തിളങ്ങുന്ന മനുഷ്യപ്പാലം. ദൂരെനിന്ന് നോക്കുമ്പോള്‍ നിളയ്ക്കുമേലെ നിറഞ്ഞ ജനക്കൂട്ടം മാത്രം. ചരിത്രത്തെ ചാരെ നിര്‍ത്തുന്ന ചമ്രവട്ടത്ത് ആയിരങ്ങളാണ് അസുലഭനിമിഷത്തിന് സാക്ഷിയാകാനെത്തിയത്. കാലങ്ങളായി കാത്തിരുന്ന സുഹൃത്തിനെയെന്നവണ്ണം ആദ്യം അവര്‍ പാലത്തെ കണ്‍നിറയെ കണ്ടു. പിന്നെ പതുക്കെ തൊട്ടു... ചുവടുകള്‍ പിന്നീട് ദ്രുതമായി. ചിലര്‍ ഉത്സാഹത്തിമിര്‍പ്പില്‍ അക്കരയ്ക്ക് പാഞ്ഞു. ജനപ്രവാഹത്തില്‍ നിളയോരം വീര്‍പ്പുമുട്ടി. വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ആലത്തിയൂര്‍ പൂഴിക്കുന്നില്‍വച്ച് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചമ്രവട്ടംപാലത്തിലേക്ക് ആനയിച്ചു. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഉദ്ഘാടന ചടങ്ങിനെ ആവേശഭരിതമാക്കി. ഉദ്ഘാടന ചടങ്ങ് നടന്ന നരിപ്പറമ്പിലും സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടി. അടുത്തായിട്ടും അകന്നിരുന്ന പൊന്നാനിയ്ക്കും തിരൂരിനും ഇത് ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള പാലം കൂടിയാണ്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉയര്‍ന്നതോടെ രണ്ടുദേശവും ഒന്നായി.

"പാലോളിപ്പാല"ത്തില്‍ പുളകച്ചാര്‍ത്ത്

Picture
കേരളത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന ചമ്രവട്ടം പാലം നാടിന് സമര്‍പ്പിച്ചതോടെ ജനഹൃദയങ്ങളില്‍ പാലത്തിനൊപ്പംചേര്‍ന്ന പേരാണ് പാലോളി മുഹമ്മദ്കുട്ടി. ഇരുകരയിലെയും ജനത ഹൃദയത്തില്‍ത്തട്ടി പറഞ്ഞു- പാലോളിപാലത്തിലേയ്ക്ക് സ്വാഗതം. ഉദ്ഘാടനച്ചടങ്ങില്‍ വേറിട്ടുനിന്നതും ഏറെ തിളങ്ങിയതും നാടിന്റെ ചിരകാലസ്വപ്നം പൂവണിയിക്കാന്‍ പ്രയത്നിച്ച ഈ സൗമ്യനായ നേതാവായിരുന്നു. ചമ്രവട്ടം പദ്ധതിയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിവരുന്നവര്‍പോലും പാലോളിയെന്ന മുന്‍ മന്ത്രിയുടെ സേവനത്തെ അംഗീകരിച്ചു. രാഷ്ട്രീയത്തിലുപരിയായി നാടിന്റെ വികസനത്തിനായി പ്രയത്നിച്ച പാലോളി മുഹമ്മദ്കുട്ടിയെന്ന മന്ത്രിയുണ്ടായിരുന്നില്ലെങ്കില്‍ ചമ്രവട്ടം പദ്ധതി ഇന്നും കടലാസില്‍ ഒതുങ്ങുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ പ്രസംഗം ആരംഭിച്ചതുതന്നെ പാലോളിയുടെ പേരെടുത്ത് പ്രശംസിച്ചാണ്. ""പാലംപണി തുടങ്ങിയത് പാലോളി തന്നെ..."" എന്ന് പറഞ്ഞാണ് ആര്യാടന്‍ സംസാരിച്ചുതുടങ്ങിയത്. പ്രസംഗത്തിലുടനീളം പാലോളിയുടെയും കഴിഞ്ഞ സര്‍ക്കാരിന്റെയും പങ്ക് ആര്യാടന്‍ എടുത്തുപറയുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ചവരെല്ലാംതന്നെ ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ പാലോളി വഹിച്ച പങ്കിനെക്കുറിച്ച് വാചാലരായി. ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പാലോളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം കൈമാറി. സന്നദ്ധസംഘടനയായ കര്‍മയും അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ജനായകന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളും വേദിയ്ക്കരികിലെത്തിയിരുന്നു. ഒരു ജനപ്രതിനിധി എന്താവണമെന്നതിന് പാലോളി മുഹമ്മദ്കുട്ടിയുടെ ജീവിതം പഠിക്കണമെന്നാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ചമ്രവട്ടം സ്വദേശിയായ മോനുട്ടിയെന്ന 60-കാരന്റെ അഭിപ്രായം. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മോനുട്ടി മറന്നില്ല. ചുരുക്കത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിര്‍മാണ ജോലിക്കാരുടെയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ച പാലോളിക്കുള്ള ആദരവുകൂടിയായി മാറി പാലത്തിന്റെ ഉദ്ഘാടന വേദി.

പണമില്ലാതെ പുഴ കടക്കേണ്ട

Picture
ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകുന്ന വാഹന ഉടമകളില്‍നിന്നും ടോള്‍ പിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 148.39 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 127 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഇതില്‍ 95.2 കോടി രൂപ നബാര്‍ഡ് സഹായമാണ്. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടോള്‍ പിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിവ് എന്ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരിയാടിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്്. എന്നാല്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. ഇതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ടോള്‍ പിരിവാരംഭിച്ചാല്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പാലത്തിന്റെ നിര്‍മാണത്തിന് പ്രധാനമായി ചുക്കാന്‍പിടിച്ച മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇത് മുമ്പ് എടുത്ത തീരുമാനമല്ലെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപക്കുമുകളിലുള്ള പദ്ധതികള്‍ക്ക് ചുങ്കം പിരിക്കാമെന്നുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

Nainar Ponnani

 
ലോകത്തിലേക്ക് ഏറ്റവും സുന്ദരിയായി ബ്രഹ്മാവു പടച്ചുവിട്ട അഹല്ല്യയുടെ കഥയാണ് ചമ്രവട്ടം പാലത്തിനും പറയാനുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയൊക്കെയാണെങ്കിലും ഒരു സന്യാസിയുടെ ഭാര്യയായി ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടി വരികയും ഇന്ദ്രന്റെ സൂത്രപ്പണിയിൽ ചതിക്കപ്പെട്ട് ഭർത്താവിനാൽ ശപിക്കപ്പെട്ട് കല്ലായി തീരുകയും ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവുകാത്തുകിടക്കുകയും ചെയ്തു അഹല്ല്യ.  സുന്ദരിയായ അഹല്ല്യയും പ്രയോജനപ്രദമായ പദ്ധതിയും പലയിടത്തും നേരിടുന്നത് ഒരേ അവസ്ഥ തന്നെ. അത് രാഷ്ട്രീയം.

കഥയിൽ അഹല്യ നീണ്ട പാറ ജീവിതത്തിൽ നിന്ന് മോചിതയാകുന്നത് ശ്രീരാമന്റെ പാദശ്പർശത്താലാണെങ്കിൽ മുൻ എം‌എൽ‌എ പാലോളി മുഹമ്മദുകുട്ടിയുടെ ആർജ്ജവത്തിന്റെ ഫലമാണ് പൊന്നാനിക്കാരുടെ സ്വപ്നപദ്ധതിയുടെ യാഥാർത്ഥ്യമാകൽ. ഇന്ന് പൊന്നാനിയിൽ കണ്ടത് അതിന്റെ ആഘോഷമാണ്. 1984 ൽ തറക്കല്ലിട്ട പദ്ധതിക്ക് അങ്ങിനെ 2012 ൽ 28 വർഷത്തിനു ശേഷം ഉദ്ഘാടനമായിരിക്കുന്നു!

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ  വ്യവസായ മന്ത്രി ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മുൻ എം‌എൽ‌എ ശ്രീ പാലോളി മുഹമ്മദ് കുട്ടി, പൊന്നാനി എം‌എൽ‌എ ശ്രീ. ശ്രീരാമകൃഷ്ണൻ, തവനൂർ എംഎൽ‌എ കെ.ടി. ജലീൽ എന്നിവരും സന്നിഹിതരായിരുന്നു.

                                 ചമ്രവട്ടം പാലം ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം

ചമ്രവട്ടം പാലം ഉദ്ഘാടനം വിവിധ ദൃശ്യങ്ങൾ : പകർത്തിയത് സോഷ്യൽ  മീഡിയയിലെ സുഹൃത്തുക്കൾ

Picture
Photo:Thaha Pni
Picture
Photo: Nazik Rahman
Picture
Photo: Liyakath MK
Picture
Photo: Unni Kadavanad
Picture
Photo: Unni Kadavanad
ചമ്രവട്ടം പാലം ഉദ്ഘാടനം -17-05-12. വിവിധ ദൃശ്യങ്ങൾ
 
Picture
ഫോട്ടോ: സിദ്ധിഖ് കടവനാട്
നഗരങ്ങളിൽ ‘വൻ‘ വികസനം കൊണ്ടു വരുന്ന പദ്ധതികളോടുള്ള എതിർപ്പല്ല, നിങ്ങൾ കൊണ്ടു വന്നോളൂ, പക്ഷേ ഞങ്ങൾകൂടി നൽകുന്ന നികുതിപ്പണത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ട്  എന്തെങ്കിലും ഞങ്ങൾക്കും തിരിച്ചു തരൂ എന്നാണ് കടവനാടുപോലുള്ള ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് അധികാരികളോട് പറയാനുള്ളത്. ഗ്രാമപ്രദേശം നഗരമാലിന്യങ്ങളുടെ നിക്ഷേപസ്ഥലമാണെന്നും അവിടുത്തുകാർ വെറും നഗരമാലിന്യങ്ങളാണെന്നും കരുതുന്ന അധികാരികളോടുള്ള വെറുപ്പ് ഉള്ളിലും പേറിയാണ് ഓരോഗ്രാമീണനും ജീവിക്കുന്നത്. ഓരോ ഇലക്ഷനും വാഗ്ദാനങ്ങൾ കൊടുത്ത് തിരിഞ്ഞു നോക്കാതിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവനോട് ‘അടുത്ത തവണയാകട്ടെ കാണിച്ചുതരാമെന്ന്’ മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാകും ഭൂരിഭാഗവും. പക്ഷേ ഇലക്ഷനടുക്കുന്നതോടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീണ്ടും ചെല്ലും വോട്ടുകുത്താൻ. കടവനാട്ടുകാർ കഴിഞ്ഞതവണ രണ്ടുപേരെ തുല്ല്യ വോട്ടിൽ നിർത്തിയത് രണ്ടു പേരോടുമുള്ള തുല്ല്യ എതിർപ്പിനെയാകണം സൂചിപ്പിക്കുന്നത്. 

നഗരത്തിലുള്ളവനും ഗ്രാമത്തിലുള്ളവനുമെന്നില്ല നികുതിയുടെ കാര്യത്തിൽ. തുല്ല്യം. ഒരു പേസ്റ്റോ ഒരു തീപ്പെട്ടിയോ വാങിയാൽ കൊടുക്കുന്നത് തുല്ല്യ നികുതി. വൻ പ്രൊജക്ടുകൾ വേണമെന്ന് ഒരു ഗ്രാമീണനും ആഗ്രഹിക്കുന്നില്ല. ഒരു നല്ല റോഡ്, ഒരു പാലം, കുടിവെള്ളം, ഇരുട്ടുമാറ്റാനിത്തിരി വൈദ്യുതി... അത്രയൊക്കെയേ ഉള്ളൂ അവന്റെ ആഗ്രഹങ്ങൾ.

കടവനാടിനെ പുതു പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് ‘മുല്ലപ്പൂവിപ്ലവം’ കൊണ്ടുവന്ന സോഷ്യൽ നെറ്റുവർക്കുസൈറ്റിൽ കണ്ട ഒരു പോസ്റ്റിൽ സിദ്ധീഖ് കടവനാട് പറയുന്നു  മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കടവനാട് എന്ന ഞങ്ങളുടെ ഈ തനി നാടന്‍ ഗ്രാമത്തില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികളും അത് പോലെ റേഷന്‍ കട , ആശുപത്രി മറ്റു ഓഫീസുകള്‍ തുടങ്ങിയവയിലെക്കൊക്കെ എളുപ്പത്തില്‍ എത്തിച്ചേരാനും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ്‌ ആയ പുതുപൊന്നാനിയില്‍ എത്തുവാനും ഉള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ഈ കാണുന്ന അഞ്ചാം നമ്പര്‍ നടപ്പാലം ..!!! ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പാലം എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ് കാല്നടക്ക് യോഗ്യമാല്ലതായി.. അതിനു ശേഷം ആ പാലതിനടുതായി വീണ്ടും ഒരു പാലം നിര്‍മിച്ചു .. നിര്‍മാണത്തിലെ അപാകത മൂലം വെറും രണ്ടു വര്ഷം കൊണ്ട് അതും നിലം പൊത്തി ...!! അതിനു ശേഷം ഇങ്ങോട്ട് താല്‍ക്കാലിക പാലങ്ങളുടെ ഘോഷയാത്രയാണ് ...!! ഇപ്പോള്‍ അവിടെ നമുക്ക് കാണാന്‍ കഴിയുക നൂറു മീറ്റര്‍ പരിധിയില്‍ ഏഴു പാലങ്ങളാണ് .. ഇതില്‍ മൂന്നെണ്ണം നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാലങ്ങളാണ്...!!!! പക്ഷെ ഇത്രയും പാലങ്ങള്‍ ഉണ്ടായിട്ടും പ്രദേശവാസികളായ ഞങ്ങള്‍ക്ക് കടത്തു വള്ളം ആശ്രയിക്കേണ്ടിയിരിക്കുന്നു ...!! ഒഴുക്ക് പൂര്‍ണമായും നിലച്ചു വളരെ മലിനമായിക്കിടക്കുന്ന കനോലികനാലിലെ വെള്ളം കാരണം തോണിയാത്രയും ദുസ്സഹമായിരിക്കുന്നു...!! പക്ഷെ പൊന്നാനി മുന്സിപ്പാലിട്ടിയിലെ രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിലെ ആരും തന്നെ ഇതിനെതിരെ മുന്നോട്ടു വരുകയോ , ഗതാകത യോഗ്യമായ ഒരു പാലതിനായി ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നത് ദുഖകരമായ ഒരു കാര്യമായി ഉണര്തുകയുമാണ്.... !! “

കേൾക്കുന്നുണ്ടോ അധികാരികളേ കേൾക്കുന്നുണ്ടോ.... ഒരു ഗ്രാമത്തിന്റെ രോദനം. നറുക്കെടുപ്പിന്റെ ബലത്തിൽ ഭരിച്ചുപോരുന്ന മുനിസിപ്പാലിറ്റിയോടും രണ്ടു സീറ്റിന്റെ ബലത്തിൽ ഭരിക്കുന്ന സംസ്ഥാനസർക്കാരിനോടും കൂടിതന്നെ. നിങ്ങളുടെ ഭൂരിപക്ഷമിങ്ങനെ തുമ്മിയാൽതെറിക്കുന്നതായിപ്പോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള മനസ്സൊന്നും നിങ്ങൾക്കുണ്ടാകില്ലെന്നറിയാം. ഒന്നു പറയാം പൊതുജന രോഷത്തെ നിങ്ങൾ നേരിടേണ്ടി വരിക തന്നെ ചെയ്യും.

പൊന്നാനി എം എൽ എ ശ്രീരാമകൃഷനോടു കൂടിയുള്ള അഭ്യർത്ഥനയായി ഈ ലിങ്ക് അയക്കുന്നു. കടവനാട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുമെന്ന്  കരുതാം. ഓരുവെള്ളം കയറുന്നതിന്റെ പ്രശ്നങ്ങൾ(കുടിവെള്ളപ്രശ്നം), വൈദ്യുതിപ്രശ്നങ്ങൾ, കേടുവന്ന റോഡുകൾ, ഇടക്കിടെ പൊളിഞ്ഞുവീഴുന്ന പാലങ്ങൾ എന്നിവയ്ക്കുള്ള ശ്വാശ്വതപരിഹാരം മാത്രമാണു സർ ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് മെട്രോ ട്രെയിനോ ആകാശനഗരമോ ആവശ്യമില്ല. വെറും വോട്ടു ബാങ്കുകളായി മാത്രം കാണാതെ ഞങ്ങൾക്കുവേണ്ടി തിരിച്ചും എന്തെങ്കിലുമൊക്കെ ചെയ്യുമ്മല്ലോ സർ.

കുടിവെള്ളപ്രശ്നം മൂലം മുടങ്ങിപ്പോയ നിരവദി വിവാഹങ്ങൾ ഉദാഹരണമായിട്ടുണ്ട്. മര്യാദക്കൊന്നെത്തിച്ചേരാൻ നല്ല റോഡില്ലാത്തതും കാരണമാണ്. അധികാരികളിൽ നിന്നുള്ള അവഗണന അയല്പ്രദേശത്തുകാരുടെ അവജ്ഞയിലേക്കെത്തിച്ചേർന്നിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി വോട്ടുവാങിച്ചുപോയവർ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒരു പ്രദേശത്തിന്റെ തന്നെ അധ:സ്ഥിക്കു മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. വർഷാവർഷങ്ങളിൽ പുതുക്കിപ്പണിയുന്ന താത്കാലിക പാലങ്ങൾക്കു പകരം കടവനാടു പുതുപൊന്നാനിയെ ബന്ധിപ്പിച്ചുകൊണ്ടൊരു ഗതാഗതയോഗ്യമായ പാലം ഒരാവശ്യമാണ്. കാലം പുരോഗമിക്കയാണല്ലോ... പാലപ്പെട്ടിയിൽ നിന്നോ വെളിയങ്കോടു നിന്നോ പുതുപൊന്നാനിയിൽ നിന്നോ ആരംഭിക്കുന്ന ഒന്നോ രണ്ടോ ബസ് ആ പാലത്തിലൂടെ സ്കൂൾസമയത്തെങ്കിലും എടപ്പാളിലേക്കോടട്ടെ. അത് ഒരു ‘ഠാ’ വട്ടത്തിന് വലിയൊരു ആശ്വാസമാകുമെന്നതിന് സംശയമേതുമില്ല തന്നെ.

ലേഖനത്തിന് ആസ്പദമായ  സിദ്ധീഖ് കടവനാട് ന്റെ ഫെയ്സ്ബൂക്ക് ലിങ്ക് http://www.facebook.com/photo.php?fbid=343975042304605&set=a.335987139770062.71594.100000763367205&type=3&theater

എഴുതിയത് കെ.എസ് കടവനാട്