കൊല്ലന്റെ പടിയിൽ ചായക്കച്ചവടം  ചെയ്തുകൊണ്ടിരുന്ന കണ്ണത്ത് താമിക്കുട്ടിയേട്ടൻ നിര്യാതനായി. ഇന്നലെ (1-10-2012) രാവിലെ പതിനൊന്നു മണിയോടു കൂടിയായിരുന്നു മരണം. കടവനാട്, പള്ളപ്രം, കറുകത്തിരുത്തി ഭാഗത്ത് ഇദ്ദേഹത്തിന്റെ സല്ക്കാരം സ്വീകരിക്കാത്തവരായി ആരുമുണ്ടാകില്ല. നമ്മുടെ നട്ടിലെ പഴയ കാലത്തെക്കുറിച്ചു ഇത്രയതികം വിവരങ്ങൾ അറിയാവുന്ന ഒരാൾ വേറെ ഉണ്ടായിരിക്കും എന്നു തോന്നുന്നില്ല .വേണമെങ്കിൽ കടവനാടിന്റെ എൻസൈക്ളോപീഡിയ എന്ന വിശേഷണതിന് അർഹതയുള്ള ഏറ്റവും അനുയോജ്യനായ വ്യക്തി താമിക്കുട്ടിയേട്ടൻ ആയിരിക്കും. കടവനാടിന്റെ ഓരോ സ്പന്ദനവും കാലമെന്ന മാധ്യമത്തിലൂടെ ഇദ്ദേഹം നോക്കികണ്ടു. 
കടവനാടിന്റെ രാഷ്ട്രീയവും, മതപരവും, സാംസ്കാരികവുമായ എല്ലാ ചർച്ചകൾക്കും ഇദ്ദേഹത്തിന്റെ ചായക്കട വേദിയാവാറുണ്ട്. ആലങ്കാരികമായി പറയുകയാണെങ്കിൾ മിക്ക ചർച്ചകളിലും അധ്യക്ഷ പദവി അലങ്കരിക്കുന്നതും ഇദ്ദേഹമായിരിക്കും. രാവിലെ 4:30 മുതൽ തുടങ്ങുന്ന ചർച്ചകളും സംവാദങ്ങളും പ്രാദേശികമായ വാർത്തകളും കേൾക്കുന്നതിനും അതിൽ ഭാഗമാവാനും  ഒരുപാടു പേർ അതിരാവിലെ ഇവിടെ എത്താറുണ്ട്.  
ആധികാരികമായി പറയാൻ കഴിയുന്ന മറ്റൊരു കാര്യം ഞാൻ ഇവിടെ സൂചിപ്പിക്കാം ഈ കടയായിരുന്നു കടവനാടിന്റെ മാര്യേജ്ബ്യൂറോ.  ഒരുവിധം അനേക്ഷണങ്ങളുടെയെല്ലാം ആരംഭം തുടങ്ങുന്നത് ഇവിടെനിന്നായിരുന്നു അതുകോണ്ട് തന്നെ കടവനാടിന്റെ യുവാകൾക്ക് ഇദ്ദേഹത്തോട് ഒരു തരം പ്രത്യേക ബഹുമാനമായിരുന്നു.

താമിക്കുട്ടിയേട്ടൻ ഇന്ന് കടവനാടിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. താമിക്കുട്ടിയേട്ടന്‌ കടവനാട് മാഗസിന്റെ ആദരാഞ്ജലികൾ!



തയ്യാറാക്കിയത് : ശരത്ബാബു പുക്കയിൽ