ഇന്നലെ 17-05-2012 ന് ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റേതാണ് മേലെ ദൃശ്യം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 90% പണി പൂർത്തിയാക്കിയ പദ്ധതി തങ്ങളുടേതാണെന്ന് എട്ടുകാലിമമ്മൂഞ്ഞു സ്റ്റൈലിൽ വീരവാദം മുഴക്കിയതിനോട് എതിർപ്പില്ല. കുംഭകോണം നടത്തിയതാണെങ്കിലും കടവനാട്ടുകാർ ഗംഗാധരന്റെ പൈപ്പ് എന്നോർക്കുന്നപോലെ പാലോളിയുടെ പാലമെന്നു തന്നെയാകും ഒരു പക്ഷേ ജനം പാലത്തെ ഓർക്കുക. എന്നാൽ പദ്ധതിയുടെ 90% കഴിയുന്നതുവരെയില്ലാതിരുന്ന ടോൾ എന്ന ജനദ്രോഹത്തെ യാത്രക്കാരിലേക്ക് അടിച്ചേൽ‌പ്പിച്ച ഉമ്മൻ‌ചാണ്ടിക്ക് ഉദ്ഘാടന ദിവസം ജനങ്ങളുടെ മുന്നിൽ വന്നങ്ങിനെ ഞെളിഞ്ഞു നിൽക്കാൻ നാണം തോന്നിയില്ലേ എന്നതാണ് ശങ്ക.

തൊലിക്കട്ടിയിൽ കുഞ്ഞാലിക്കുട്ടിയെ കവിച്ചു വെക്കാൻ കേരളരാഷ്ട്രീയത്തിൽ മറ്റാരുമില്ലാത്തതുകൊണ്ടാകും കുഞ്ഞാപ്പയുമുണ്ടായിരുന്നു ഉദ്ഘാടനത്തിന്. ചാണ്ടി കുഞ്ഞാപ്പയെ മുന്നിൽ നിർത്തിയാകണം (ഭീഷ്മർ ശിഖണ്ടിയെ മുൻ നിർത്തിയ പൊലെ) തന്റെ നാണം മറച്ചത്. രണ്ടു വർഷംകൊണ്ട് 90% പൂർത്തിയായ പദ്ധതി പഴയ സർക്കാർ ഇറങ്ങുന്നതിനു മുൻപൊരു ജനീകീയ ഉദ്ഘാടനം നടന്നതാണ്. അതൊരു രാഷ്ട്രീയ മമാങ്കമായിരുന്നു എന്നതിനു സംശയമില്ല. ബാക്കി വന്ന 10% പൂർത്തിയാകാൻ ഒരു വർഷത്തോളമെടുത്തത് ഭരണവേഗതയെ വിലയിരുത്തലാകുമെങ്കിൽ അതിവേഗം ബഹുദൂരമെന്നു തന്നെയാണ് ഈ ഭരണത്തെ വിശേഷിപ്പിക്കേണ്ടത്. വില്ലേജാപ്പീസുകളിൽ കയറിയിറങ്ങി താനൊരു നല്ല വില്ലേജാപ്പീസറാകാൻ യോഗ്യനാണ് എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതുകൊണ്ട് മുന്നിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്കും പിന്നിൽ നിന്ന് പിസി ജോർജ്ജച്ചായനും കളി നിയന്ത്രിക്കാം.

പറഞ്ഞുവന്നത് പാലമാണല്ലോ. പാലവും ടോളും മാത്രമല്ല അതിലേക്കൊരു റോഡുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടല്ലോ. ഉദ്ഘാടനം ചെയ്യപ്പെട്ട റോഡിന്റേതാണ് മുകളിലെ ചിത്രം. ഫെയ്സ് ബുക്കിൽ Thaha Pni എന്ന സുഹൃത്ത് പറയുന്നു “ചപ്പാത്തിക്ക് മാവ് കുഴചെതുപോലുണ്ട് ...” എത്ര വാസ്തവം. ബാക്കി 10% ത്തിലേതാണ് അപ്രോച്ച് റോഡ്. ഈ സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക റോഡ്, ടോൾ, ബാക്കി പണി പൂർത്തിയാകാനും ഉദ്ഘാടനം ചെയ്യാനും ഉണ്ടായ കാലതാമസം എന്നിവയുടെ ഒരു ചെറിയ വിശകലനം കൊണ്ടു തന്നെ ബോധ്യമാണ്. ചെന്നിത്തല കോഴിക്കോട് ഉപവാസത്തിലാണ്. ആദ്യമായല്ല കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. രാഷ്ട്രീയ കൊലപാതക്കെ ന്യായീകരിക്കുന്നില്ല. ചെന്നിത്തലയുടെ ഉപവാസത്തിന് സിപി‌എമ്മിന്റെ കൊലപാതകരാഷ്ട്രീയം മാത്രമല്ല ലക്ഷ്യം. മുന്നിലും പിന്നിലുമിരുന്ന് നയിക്കാൻ അപ്പോഴും കാണും പിസിയും കുഞ്ഞാപ്പയും എന്നതിന് തർക്കവുമില്ല. ഉമ്മൻ ചാണ്ടിയുടെ കേരളഭരണം ദീർഘദീർഘം നീളട്ടെ എന്നല്ലാതെ എന്തു പറയാൻ!

എഴുതിയത്: പൊന്നാക്കാരൻ

ഫോട്ടോ അയച്ചുതന്നത് Salih Mms
 
ലോകത്തിലേക്ക് ഏറ്റവും സുന്ദരിയായി ബ്രഹ്മാവു പടച്ചുവിട്ട അഹല്ല്യയുടെ കഥയാണ് ചമ്രവട്ടം പാലത്തിനും പറയാനുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയൊക്കെയാണെങ്കിലും ഒരു സന്യാസിയുടെ ഭാര്യയായി ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടി വരികയും ഇന്ദ്രന്റെ സൂത്രപ്പണിയിൽ ചതിക്കപ്പെട്ട് ഭർത്താവിനാൽ ശപിക്കപ്പെട്ട് കല്ലായി തീരുകയും ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവുകാത്തുകിടക്കുകയും ചെയ്തു അഹല്ല്യ.  സുന്ദരിയായ അഹല്ല്യയും പ്രയോജനപ്രദമായ പദ്ധതിയും പലയിടത്തും നേരിടുന്നത് ഒരേ അവസ്ഥ തന്നെ. അത് രാഷ്ട്രീയം.

കഥയിൽ അഹല്യ നീണ്ട പാറ ജീവിതത്തിൽ നിന്ന് മോചിതയാകുന്നത് ശ്രീരാമന്റെ പാദശ്പർശത്താലാണെങ്കിൽ മുൻ എം‌എൽ‌എ പാലോളി മുഹമ്മദുകുട്ടിയുടെ ആർജ്ജവത്തിന്റെ ഫലമാണ് പൊന്നാനിക്കാരുടെ സ്വപ്നപദ്ധതിയുടെ യാഥാർത്ഥ്യമാകൽ. ഇന്ന് പൊന്നാനിയിൽ കണ്ടത് അതിന്റെ ആഘോഷമാണ്. 1984 ൽ തറക്കല്ലിട്ട പദ്ധതിക്ക് അങ്ങിനെ 2012 ൽ 28 വർഷത്തിനു ശേഷം ഉദ്ഘാടനമായിരിക്കുന്നു!

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ  വ്യവസായ മന്ത്രി ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മുൻ എം‌എൽ‌എ ശ്രീ പാലോളി മുഹമ്മദ് കുട്ടി, പൊന്നാനി എം‌എൽ‌എ ശ്രീ. ശ്രീരാമകൃഷ്ണൻ, തവനൂർ എംഎൽ‌എ കെ.ടി. ജലീൽ എന്നിവരും സന്നിഹിതരായിരുന്നു.

                                 ചമ്രവട്ടം പാലം ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം

ചമ്രവട്ടം പാലം ഉദ്ഘാടനം വിവിധ ദൃശ്യങ്ങൾ : പകർത്തിയത് സോഷ്യൽ  മീഡിയയിലെ സുഹൃത്തുക്കൾ

Picture
Photo:Thaha Pni
Picture
Photo: Nazik Rahman
Picture
Photo: Liyakath MK
Picture
Photo: Unni Kadavanad
Picture
Photo: Unni Kadavanad
ചമ്രവട്ടം പാലം ഉദ്ഘാടനം -17-05-12. വിവിധ ദൃശ്യങ്ങൾ
 
ബസ്‌സ്റ്റാൻഡിൽ നഗരസഭാ കെട്ടിടത്തിനു കീഴിലായി മൂന്നു വർഷമായി നടത്തിവരുന്ന മാക്കോരം വീട്ടിൽ ഷണ്മുഖന്റെ ചായക്കട ഒഴിപ്പിക്കാനുള്ള നഗരസഭാ അധികൃതരുടെ നീക്കം പ്രതിപക്ഷം തടഞ്ഞു. കഴിഞ്ഞ മുനിസിപ്പൽ കൌൺസിലിലെ കടവനാടുനിന്നുള്ള അംഗമായിരുന്ന    മാക്കോരം വീട്ടില്‍ ശോഭനയുടെ ഭര്‍ത്താവാണ് ഷണ്മുഖൻ. രാഷ്ട്രീയവിരോധമാണ് ഒഴിപ്പിക്കലിനു പിറകിലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എസ്.ജെ.എസ്.ആര്‍.വൈ. പദ്ധതി പ്രകാരം നഗരസഭ അനുവദിച്ച വായ്പയെടുത്ത്  തുടങ്ങിയ കട നടത്തുന്നത്  ശോഭനയാണ്. ഒരു പാട് കഷ്ടതകൾ സഹിക്കുന്ന ഒരു കുടുമ്പത്തിന് താങ്ങായിരുന്നു ഈ  കട. അതാണ്  ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്താനാണെന്ന് കാരണം പറഞ്ഞ് നഗരസഭ ഒഴിപ്പിക്കുന്നത്.
 
ആറെസ്സെസ് - സിപിയെം സംഘർഷഭൂപടത്തിലേക്ക് കടവനാടിനെക്കൂടി കൂട്ടിച്ചേർക്കാതിരിക്കാൻ ആർജ്ജവമുള്ള രാഷ്ട്രീയ നേതൃത്വം ഇടപെടൽ നടത്തണം. കേരളം കണ്ട പല രാഷ്ട്രീയ സംഘട്ടനങ്ങളും ചോരത്തിളപ്പിന്റെ യുവത്വത്തെ യാഥാർത്ഥ്യബോധത്തോടെ നയിക്കാൻ കഴിവില്ലാത്ത നേതൃത്വങ്ങളുടെ ഫലമാണ്. യുവജനതയെ അവരുടെ രാഷ്ട്രീയം എന്തിനുവേണ്ടിയുള്ളതാണ് എന്നെങ്കിലും വ്യക്തമായി മനസ്സിലാക്കാൻ നേതൃത്വം ശ്രമിക്കണം. സംഘശക്തിയായിരിക്കുക എന്നത് നല്ലതു തന്നെ. ആ സംഘബലത്തെ എന്തിനുവേണ്ടി ഉപയുക്തമാക്കണം എന്ന് തീരുമാനിക്കപ്പെടുന്നതിലാണ് സംഘമായിരിക്കുന്നതിന്റെ വിജയം. സംഘമായിരിക്കുന്നതിന്റെ അഹങ്കാരം കാണിക്കുക എന്നതല്ല രാഷ്ട്രീയപ്രവർത്തനം എന്ന് യുവത്വം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കടവനാടിന് പരിഹരിക്കപ്പേടേണ്ട അനവധി പ്രശ്നങ്ങളുണ്ടായിരിക്കെ അവക്കുവേണ്ടി ഒന്നിച്ചു നിൽക്കാതെ തമ്മിൽ തല്ലിക്കൊണ്ടിരിക്കുക എന്നത് എന്തു രാഷ്ട്രീയപ്രവർത്തനമാണ് എന്ന് നേതാക്കൾ ചിന്തിക്കുന്നത് നന്നായിരിക്കും. തമ്മിൽ തലല്ലി ജയിക്കുക എന്നതാണോ നിങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.

ഇത്തിക്കാട്ടു റോഡു നിറയെ കാവിക്കോട്ട എന്ന് ഫ്ലക്സുവെക്കുകയും അതിനെ കാവിപുതയ്ക്കുകയും ചെയ്യുന്നതുകൊണ്ട് ആ ഭാഗത്തുള്ള മുസ്ലീം കുടുമ്പങ്ങളിലേക്ക് വിവാഹാലോചനകൾ വരുന്നില്ല എന്ന പ്രശ്നം പോലീസ് സ്റ്റേഷനിലെത്തുകയും പോലീസ് നടപടിയെടുക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്. ഒരു മേഖലയിലെ ഒരു സമുദായക്കാരായ കുടുമ്പക്കാരുടെ വിവാഹം മുടക്കുക എന്നത് എത്ര ലജ്ജാവഹമായ പ്രവർത്തനമാണെന്നും അത് രാഷ്ട്രീയപ്രവർത്തനമെല്ലെന്നും മനസ്സിലാക്കാനുള്ള വിവരം നയിക്കുന്നവർക്കില്ല എന്നതു നിൽക്കട്ടെ, അങ്ങിനെ ഒരു പരാതി നൽകിയത് ഒരു സിപി‌എം നേതാവാണെന്നു പറഞ്ഞ് അദ്ദേഹത്തെ ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. അതിന്റെ പേരിൽ പ്രകടനവും പൊതുയോഗവും ഇന്നലെ കൈരളിഗ്രന്ഥാലയത്തിനടുത്ത് സിപി‌എംകാരുടെ വകയായി നടന്നു. ഇന്ന് പകരം ആറെസ്സെസ്സുകാരും നടത്തുമായിരിക്കും. ഇവരെ നയിക്കുന്നവരേ നിങ്ങളാലോചിക്കുക നിങ്ങൾ എന്തു രാഷ്ട്രീയ പ്രവർത്തനമാണു നടത്തുന്നത്. ആർക്കുവേണ്ടിയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. രാഷ്ട്രത്തിനുവേണ്ടിയാണെങ്കിൽ സംഘർഷങ്ങളിൽ നിന്ന് രാഷ്ട്രം എന്തു നേട്ടമാണുണ്ടാക്കുക. നിരവധി കുടുംബങ്ങൾ കൂടിയതാണു സമൂഹമെന്നിരിക്കെ, കുടുംബങ്ങളിലെ കുട്ടികളും സ്ത്രീകളും പുറത്തേക്കു പോകുന്ന അവരുടെ കുടുമ്പനാഥനെയോർത്ത് ഭീതിയോടെ ഇരിക്കേണ്ടിവരിക എന്നത് നിങ്ങൾ നാടിനു വേണ്ടി പ്രവർത്തിക്കുന്ന നന്മയാണെന്ന് കരുതുന്നുണ്ടൊ....?

നേതാക്കളേ ഒരു സമൂഹത്തിനു വേണ്ടി നിങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും നല്ല പ്രവർത്തനം ഒന്നിച്ചിരുന്ന് സംഘർഷത്തിന് അയവുവരുത്താനുള്ള നടപടികൾ എടുക്കുക എന്നതാണ്. തെറ്റു മനസ്സിലാക്കി പ്രവർത്തിക്കാൻ അണികളെ ഉദ്ബുദ്ധരാക്കുക എന്നതാണ്. നാടിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഒന്നിച്ചു നിന്ന് നേടിയെടുക്കുക എന്നതാണ്.

ശുഭപ്രതീക്ഷയോടെ.....

കെ എസ് കടവനാട്