അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.

പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ  പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.

“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“

പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.

കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.

കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.

ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
 

ഉത്സവാന്തരീക്ഷത്തില്‍ ചമ്രവട്ടം പാലം തുറന്നു: ഇരുകരയുമൊന്നായ്...

Picture
നിളയ്ക്കുകുറുകെ പാലത്തിലൂടെ ഇരുകരകളുമെത്തി. ഹൃദയത്തില്‍ ഇത്രനാള്‍ സൂക്ഷിച്ച മോഹം യാഥാര്‍ഥ്യമായതിന്റെ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഓരോ മനസ്സിലുമുണ്ടായിരുന്നു. അവര്‍ ഉള്ളംനിറഞ്ഞ് നടന്നപ്പോള്‍ പുഴയ്ക്കുമേലെ പോക്കുവെയിലില്‍ തിളങ്ങുന്ന മനുഷ്യപ്പാലം. ദൂരെനിന്ന് നോക്കുമ്പോള്‍ നിളയ്ക്കുമേലെ നിറഞ്ഞ ജനക്കൂട്ടം മാത്രം. ചരിത്രത്തെ ചാരെ നിര്‍ത്തുന്ന ചമ്രവട്ടത്ത് ആയിരങ്ങളാണ് അസുലഭനിമിഷത്തിന് സാക്ഷിയാകാനെത്തിയത്. കാലങ്ങളായി കാത്തിരുന്ന സുഹൃത്തിനെയെന്നവണ്ണം ആദ്യം അവര്‍ പാലത്തെ കണ്‍നിറയെ കണ്ടു. പിന്നെ പതുക്കെ തൊട്ടു... ചുവടുകള്‍ പിന്നീട് ദ്രുതമായി. ചിലര്‍ ഉത്സാഹത്തിമിര്‍പ്പില്‍ അക്കരയ്ക്ക് പാഞ്ഞു. ജനപ്രവാഹത്തില്‍ നിളയോരം വീര്‍പ്പുമുട്ടി. വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ആലത്തിയൂര്‍ പൂഴിക്കുന്നില്‍വച്ച് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചമ്രവട്ടംപാലത്തിലേക്ക് ആനയിച്ചു. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഉദ്ഘാടന ചടങ്ങിനെ ആവേശഭരിതമാക്കി. ഉദ്ഘാടന ചടങ്ങ് നടന്ന നരിപ്പറമ്പിലും സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടി. അടുത്തായിട്ടും അകന്നിരുന്ന പൊന്നാനിയ്ക്കും തിരൂരിനും ഇത് ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള പാലം കൂടിയാണ്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉയര്‍ന്നതോടെ രണ്ടുദേശവും ഒന്നായി.

"പാലോളിപ്പാല"ത്തില്‍ പുളകച്ചാര്‍ത്ത്

Picture
കേരളത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന ചമ്രവട്ടം പാലം നാടിന് സമര്‍പ്പിച്ചതോടെ ജനഹൃദയങ്ങളില്‍ പാലത്തിനൊപ്പംചേര്‍ന്ന പേരാണ് പാലോളി മുഹമ്മദ്കുട്ടി. ഇരുകരയിലെയും ജനത ഹൃദയത്തില്‍ത്തട്ടി പറഞ്ഞു- പാലോളിപാലത്തിലേയ്ക്ക് സ്വാഗതം. ഉദ്ഘാടനച്ചടങ്ങില്‍ വേറിട്ടുനിന്നതും ഏറെ തിളങ്ങിയതും നാടിന്റെ ചിരകാലസ്വപ്നം പൂവണിയിക്കാന്‍ പ്രയത്നിച്ച ഈ സൗമ്യനായ നേതാവായിരുന്നു. ചമ്രവട്ടം പദ്ധതിയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിവരുന്നവര്‍പോലും പാലോളിയെന്ന മുന്‍ മന്ത്രിയുടെ സേവനത്തെ അംഗീകരിച്ചു. രാഷ്ട്രീയത്തിലുപരിയായി നാടിന്റെ വികസനത്തിനായി പ്രയത്നിച്ച പാലോളി മുഹമ്മദ്കുട്ടിയെന്ന മന്ത്രിയുണ്ടായിരുന്നില്ലെങ്കില്‍ ചമ്രവട്ടം പദ്ധതി ഇന്നും കടലാസില്‍ ഒതുങ്ങുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ പ്രസംഗം ആരംഭിച്ചതുതന്നെ പാലോളിയുടെ പേരെടുത്ത് പ്രശംസിച്ചാണ്. ""പാലംപണി തുടങ്ങിയത് പാലോളി തന്നെ..."" എന്ന് പറഞ്ഞാണ് ആര്യാടന്‍ സംസാരിച്ചുതുടങ്ങിയത്. പ്രസംഗത്തിലുടനീളം പാലോളിയുടെയും കഴിഞ്ഞ സര്‍ക്കാരിന്റെയും പങ്ക് ആര്യാടന്‍ എടുത്തുപറയുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ചവരെല്ലാംതന്നെ ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ പാലോളി വഹിച്ച പങ്കിനെക്കുറിച്ച് വാചാലരായി. ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പാലോളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം കൈമാറി. സന്നദ്ധസംഘടനയായ കര്‍മയും അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ജനായകന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളും വേദിയ്ക്കരികിലെത്തിയിരുന്നു. ഒരു ജനപ്രതിനിധി എന്താവണമെന്നതിന് പാലോളി മുഹമ്മദ്കുട്ടിയുടെ ജീവിതം പഠിക്കണമെന്നാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ചമ്രവട്ടം സ്വദേശിയായ മോനുട്ടിയെന്ന 60-കാരന്റെ അഭിപ്രായം. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മോനുട്ടി മറന്നില്ല. ചുരുക്കത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിര്‍മാണ ജോലിക്കാരുടെയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ച പാലോളിക്കുള്ള ആദരവുകൂടിയായി മാറി പാലത്തിന്റെ ഉദ്ഘാടന വേദി.

പണമില്ലാതെ പുഴ കടക്കേണ്ട

Picture
ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകുന്ന വാഹന ഉടമകളില്‍നിന്നും ടോള്‍ പിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 148.39 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 127 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഇതില്‍ 95.2 കോടി രൂപ നബാര്‍ഡ് സഹായമാണ്. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടോള്‍ പിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിവ് എന്ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരിയാടിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്്. എന്നാല്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. ഇതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ടോള്‍ പിരിവാരംഭിച്ചാല്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പാലത്തിന്റെ നിര്‍മാണത്തിന് പ്രധാനമായി ചുക്കാന്‍പിടിച്ച മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇത് മുമ്പ് എടുത്ത തീരുമാനമല്ലെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപക്കുമുകളിലുള്ള പദ്ധതികള്‍ക്ക് ചുങ്കം പിരിക്കാമെന്നുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

Nainar Ponnani

 
ഇന്നലെ 17-05-2012 ന് ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റേതാണ് മേലെ ദൃശ്യം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 90% പണി പൂർത്തിയാക്കിയ പദ്ധതി തങ്ങളുടേതാണെന്ന് എട്ടുകാലിമമ്മൂഞ്ഞു സ്റ്റൈലിൽ വീരവാദം മുഴക്കിയതിനോട് എതിർപ്പില്ല. കുംഭകോണം നടത്തിയതാണെങ്കിലും കടവനാട്ടുകാർ ഗംഗാധരന്റെ പൈപ്പ് എന്നോർക്കുന്നപോലെ പാലോളിയുടെ പാലമെന്നു തന്നെയാകും ഒരു പക്ഷേ ജനം പാലത്തെ ഓർക്കുക. എന്നാൽ പദ്ധതിയുടെ 90% കഴിയുന്നതുവരെയില്ലാതിരുന്ന ടോൾ എന്ന ജനദ്രോഹത്തെ യാത്രക്കാരിലേക്ക് അടിച്ചേൽ‌പ്പിച്ച ഉമ്മൻ‌ചാണ്ടിക്ക് ഉദ്ഘാടന ദിവസം ജനങ്ങളുടെ മുന്നിൽ വന്നങ്ങിനെ ഞെളിഞ്ഞു നിൽക്കാൻ നാണം തോന്നിയില്ലേ എന്നതാണ് ശങ്ക.

തൊലിക്കട്ടിയിൽ കുഞ്ഞാലിക്കുട്ടിയെ കവിച്ചു വെക്കാൻ കേരളരാഷ്ട്രീയത്തിൽ മറ്റാരുമില്ലാത്തതുകൊണ്ടാകും കുഞ്ഞാപ്പയുമുണ്ടായിരുന്നു ഉദ്ഘാടനത്തിന്. ചാണ്ടി കുഞ്ഞാപ്പയെ മുന്നിൽ നിർത്തിയാകണം (ഭീഷ്മർ ശിഖണ്ടിയെ മുൻ നിർത്തിയ പൊലെ) തന്റെ നാണം മറച്ചത്. രണ്ടു വർഷംകൊണ്ട് 90% പൂർത്തിയായ പദ്ധതി പഴയ സർക്കാർ ഇറങ്ങുന്നതിനു മുൻപൊരു ജനീകീയ ഉദ്ഘാടനം നടന്നതാണ്. അതൊരു രാഷ്ട്രീയ മമാങ്കമായിരുന്നു എന്നതിനു സംശയമില്ല. ബാക്കി വന്ന 10% പൂർത്തിയാകാൻ ഒരു വർഷത്തോളമെടുത്തത് ഭരണവേഗതയെ വിലയിരുത്തലാകുമെങ്കിൽ അതിവേഗം ബഹുദൂരമെന്നു തന്നെയാണ് ഈ ഭരണത്തെ വിശേഷിപ്പിക്കേണ്ടത്. വില്ലേജാപ്പീസുകളിൽ കയറിയിറങ്ങി താനൊരു നല്ല വില്ലേജാപ്പീസറാകാൻ യോഗ്യനാണ് എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതുകൊണ്ട് മുന്നിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്കും പിന്നിൽ നിന്ന് പിസി ജോർജ്ജച്ചായനും കളി നിയന്ത്രിക്കാം.

പറഞ്ഞുവന്നത് പാലമാണല്ലോ. പാലവും ടോളും മാത്രമല്ല അതിലേക്കൊരു റോഡുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടല്ലോ. ഉദ്ഘാടനം ചെയ്യപ്പെട്ട റോഡിന്റേതാണ് മുകളിലെ ചിത്രം. ഫെയ്സ് ബുക്കിൽ Thaha Pni എന്ന സുഹൃത്ത് പറയുന്നു “ചപ്പാത്തിക്ക് മാവ് കുഴചെതുപോലുണ്ട് ...” എത്ര വാസ്തവം. ബാക്കി 10% ത്തിലേതാണ് അപ്രോച്ച് റോഡ്. ഈ സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക റോഡ്, ടോൾ, ബാക്കി പണി പൂർത്തിയാകാനും ഉദ്ഘാടനം ചെയ്യാനും ഉണ്ടായ കാലതാമസം എന്നിവയുടെ ഒരു ചെറിയ വിശകലനം കൊണ്ടു തന്നെ ബോധ്യമാണ്. ചെന്നിത്തല കോഴിക്കോട് ഉപവാസത്തിലാണ്. ആദ്യമായല്ല കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. രാഷ്ട്രീയ കൊലപാതക്കെ ന്യായീകരിക്കുന്നില്ല. ചെന്നിത്തലയുടെ ഉപവാസത്തിന് സിപി‌എമ്മിന്റെ കൊലപാതകരാഷ്ട്രീയം മാത്രമല്ല ലക്ഷ്യം. മുന്നിലും പിന്നിലുമിരുന്ന് നയിക്കാൻ അപ്പോഴും കാണും പിസിയും കുഞ്ഞാപ്പയും എന്നതിന് തർക്കവുമില്ല. ഉമ്മൻ ചാണ്ടിയുടെ കേരളഭരണം ദീർഘദീർഘം നീളട്ടെ എന്നല്ലാതെ എന്തു പറയാൻ!

എഴുതിയത്: പൊന്നാക്കാരൻ

ഫോട്ടോ അയച്ചുതന്നത് Salih Mms
 
ലോകത്തിലേക്ക് ഏറ്റവും സുന്ദരിയായി ബ്രഹ്മാവു പടച്ചുവിട്ട അഹല്ല്യയുടെ കഥയാണ് ചമ്രവട്ടം പാലത്തിനും പറയാനുള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരിയൊക്കെയാണെങ്കിലും ഒരു സന്യാസിയുടെ ഭാര്യയായി ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടി വരികയും ഇന്ദ്രന്റെ സൂത്രപ്പണിയിൽ ചതിക്കപ്പെട്ട് ഭർത്താവിനാൽ ശപിക്കപ്പെട്ട് കല്ലായി തീരുകയും ശാപമോക്ഷത്തിനായി ശ്രീരാമന്റെ വരവുകാത്തുകിടക്കുകയും ചെയ്തു അഹല്ല്യ.  സുന്ദരിയായ അഹല്ല്യയും പ്രയോജനപ്രദമായ പദ്ധതിയും പലയിടത്തും നേരിടുന്നത് ഒരേ അവസ്ഥ തന്നെ. അത് രാഷ്ട്രീയം.

കഥയിൽ അഹല്യ നീണ്ട പാറ ജീവിതത്തിൽ നിന്ന് മോചിതയാകുന്നത് ശ്രീരാമന്റെ പാദശ്പർശത്താലാണെങ്കിൽ മുൻ എം‌എൽ‌എ പാലോളി മുഹമ്മദുകുട്ടിയുടെ ആർജ്ജവത്തിന്റെ ഫലമാണ് പൊന്നാനിക്കാരുടെ സ്വപ്നപദ്ധതിയുടെ യാഥാർത്ഥ്യമാകൽ. ഇന്ന് പൊന്നാനിയിൽ കണ്ടത് അതിന്റെ ആഘോഷമാണ്. 1984 ൽ തറക്കല്ലിട്ട പദ്ധതിക്ക് അങ്ങിനെ 2012 ൽ 28 വർഷത്തിനു ശേഷം ഉദ്ഘാടനമായിരിക്കുന്നു!

മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ  വ്യവസായ മന്ത്രി ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മുൻ എം‌എൽ‌എ ശ്രീ പാലോളി മുഹമ്മദ് കുട്ടി, പൊന്നാനി എം‌എൽ‌എ ശ്രീ. ശ്രീരാമകൃഷ്ണൻ, തവനൂർ എംഎൽ‌എ കെ.ടി. ജലീൽ എന്നിവരും സന്നിഹിതരായിരുന്നു.

                                 ചമ്രവട്ടം പാലം ഉദ്ഘാടനത്തിന്റെ വീഡിയോ ദൃശ്യം

ചമ്രവട്ടം പാലം ഉദ്ഘാടനം വിവിധ ദൃശ്യങ്ങൾ : പകർത്തിയത് സോഷ്യൽ  മീഡിയയിലെ സുഹൃത്തുക്കൾ

Picture
Photo:Thaha Pni
Picture
Photo: Nazik Rahman
Picture
Photo: Liyakath MK
Picture
Photo: Unni Kadavanad
Picture
Photo: Unni Kadavanad
ചമ്രവട്ടം പാലം ഉദ്ഘാടനം -17-05-12. വിവിധ ദൃശ്യങ്ങൾ
 
ചരിത്രത്തെ ആധാരമാക്കി ഒരുകൂട്ടം നവാഗതർ ഒരുക്കുന്ന ചിത്രമാണ് കുന്ദാപുര. ഫെയ്സ്ബുക്കിലെ സൌഹൃദങ്ങളിൽ നിന്നുടലെടുത്ത കൂട്ടായ്മയാണ് ചരിത്രവും പ്രണയവും ഇഴചേർന്ന കുന്ദാ‍പുരയെ ചലച്ചിത്രലോകത്തിനു സമർപ്പിക്കുന്നത്. കുന്ദാപുരയുടെ കൂടുതൽ വിശേഷങ്ങൾ റിപ്പോർട്ടറിൽ നിന്ന്
 

പഴകിദ്രവിച്ചു വീഴാറായ ഓലപ്പുരയിൽ നിന്നും സഹായമഭ്യർത്ഥിക്കുന്ന ഒരു കുടുംബം :
കേട്ടില്ലെന്നു നടിക്കുന്ന അധികൃതർ

കിട്ടച്ചാച്ച എന്ന് കടവനാട്ടുകാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന നാരോത്ത് വളപ്പിൽ കിട്ട എന്നവരുടെ വിധവയും കുട്ടികളും പഴകിദ്രവിച്ചു വീഴാറായ ഓലപ്പുരയിൽ നിന്നും മോചനം ആഗ്രഹിച്ചാണ് മുനിസിപ്പൽ അധികൃതരുടെ മുന്നിൽ ഒരു വീടിനായി യാചിച്ചു നിൽക്കുന്നത്. പല ഭവന പദ്ധതികൾ നഗരസഭയുടെ മുന്നിൽ വരുകയും പോകുകയും ചെയ്യുന്നു. അർഹതയുള്ളവരും ഇല്ലാത്തവരും പങ്കിട്ടെടുക്കുന്നു. എന്നാൽ ഈ ദരിദ്ര കുടുംബത്തെ മാത്രം ഒരു പദ്ധതിയും തേടിയെത്തുന്നില്ല. പല കാരണങ്ങൾ പറഞ്ഞ് പലയിടത്ത് വെച്ച് അവരുടെ സ്വപ്നം വഴിമാറിപ്പോകുന്നു.

മാഗസിൻ ഇവിടെ ഒരു കുടുമ്പത്തിന്റെ ദു:ഖം പങ്കുവെക്കുകയാണ്. അധികാരിവർഗ്ഗത്തിന്റെ ബധിരകർണ്ണങ്ങളിലേക്ക് തുളച്ചുകയറാനുള്ള ശക്തി മാഗസിന്റെ അലർച്ചകൾക്കുണ്ടോ എന്നറിയില്ല. ഒരു കൌൺസിലർ, ഒരു രാഷ്ട്രീയ പ്രവർത്തകൻ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സാമൂഹ്യപ്രവർത്തകൻ മുങ്കയ്യെടുത്താൽ പരിഹരിക്കാവുന്ന ഒരു ചെറിയ നല്ലകാര്യം. അങ്ങിനെയാരുടെയെങ്കിലും കണ്ണില്പെടുമെന്ന പ്രതീക്ഷയാണ് ഈ കുറിപ്പിനു പിന്നിൽ. ഇനിയും പാതിവഴിയിൽ വീണുപോകാതെ, കടവനാട് പറങ്കിവളപ്പ് അമ്പലത്തിനടുത്ത് പൊളിഞ്ഞുവീഴാറായ ഓലപ്പുരയിൽ താമസിക്കുന്ന  കിട്ടച്ചാച്ചയുടെ കുടുംബത്തിന്റെ സ്വപ്നം ‘സുരക്ഷിതമായ ഒരു വീട്’ യാഥാർത്ഥ്യമാകട്ടെ എന്ന് ആശിക്കുന്നു.

കുറിപ്പിന് ആധാരം : http://www.facebook.com/kadavanadmagazine/posts/137567036376606


 

പൊന്നാനി  കാര്‍ഗോപോര്‍ട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് ആറുമാസം കൂടി വൈകും. വര്‍ഷകാലത്തുണ്‍ടായേക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്ര പാരിസ്ഥിതിമന്ത്രാലയ്ം നടത്തുന്ന പഠനങ്ങള്‍ക്കു ശേഷമേ നിര്‍മ്മാണം തുടങ്ങാന്‍ കഴിയൂ.

കൂടുതല്‍ വായനക്ക്:http://www.ponnaniclassifieds.co.cc/2/post/2012/05/construction-of-ponnani-port-to-be-delayed.html

 
പൊന്നാനിക്കാരുടെ ഫെയ്സ്ബുക്ക്  കൂട്ടായ്മയായ   Ponnani(പൊന്നാനി) ഗ്രൂപ്പിന്റെ ഔദ്യോഗിക  ഉദ്ഘാടനം എംഎൽഎ  നിർവ്വഹിച്ചു.  പൊന്നാനിയിലെ എംഎൽഎയുടെ ഓഫീസിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

എല്ലാവരും തിരക്ക് പിടിച്ചു ഓടുന്ന ഈ കാലത്ത്‌ ഇങ്ങനെയുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക എന്നത് തികച്ചും അഭിനന്ദനാര്‍ഹം ആണെന്നും ഗ്രൂപിന്റെ പ്രവർത്തനങ്ങൾ കൂടതൽ കാര്യക്ഷമമാക്കണമെന്നും സൌഹൃദത്തിനും അപ്പുറത്തേക്ക് കൂടുതല്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രദ്ധ കൊടുത്തു കൊണ്ട് ഒരു മാതൃകാ ഗ്രൂപ്പായി മാറണമെന്നും അദ്ദേഹം പറഞ്ഞു.അതു മൂലം പലർക്കും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളോടുള്ള തെറ്റിധാരണ മാറ്റാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപെട്ടു. 

ഉദ്ഘാടന ശേഷം ഗ്രൂപ്പിന്റെ വാളിൽ എംഎൽഎ  തന്റെ ആശംസ  ഇങ്ങനെ കുറിച്ചിട്ടു.


"പൊന്നാനി ഗ്രൂപ്പ്‌ സോഷ്യല്‍ മീഡിയ യിലെ വേറിട്ട ശബ്ദം ആകുമെന്ന് പ്രത്യാശികുനതിനോടൊപ്പം തന്നെ പൊന്നാനി യുടെ വികസനത്തിനും കാരുണ്യ പ്രവര്‍ത്തനം കള്‍ക്കും താങ്ങായി മാറാനും ഈ ഗ്രൂപിന് കഴിയട്ടെ എന്നും ഞാന്‍ ആശംസിക്കുന്നു . ഈ ഗ്രൂപ്പിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും എന്‍റെ എല്ലാ വിധ സഹായങ്ങളും പിന്തുണയും ഇതോടൊപ്പം ഞാന്‍ ഉറപ്പു തരുന്നു , ഈ പൊന്നാനി ഗ്രൂപ്പ്‌ ഞാന്‍ ഔപചാരികമായി ഉദ്ഗാടനം നിര്‍വഹിക്കുന്നു :)" 


ലിങ്ക്: http://www.facebook.com/groups/Ponnani/permalink/352683401448010/
എം‌എൽ‌എയുടെ സ്വന്തം wall:www.facebook.com/photo.php?fbid=224579760985209&set=a.113833665393153.17922.100002995599631&
Picture
പൊന്നാനി ഗ്രൂപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം  എംഎൽഎ നിര്‍വഹിക്കുന്നു
ഉദ്ഘാടനത്തെ തുടർന്ന് ബിയ്യം പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ചും പൊന്നാനി ഗ്രൂപ്പ് സാമൂഹ്യസേവന  രംഗത്ത്   ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഗ്രൂപ്പ് അംഗങ്ങളും എഎൽ‌എയും ചർച്ച നടത്തി. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഗ്രൂപ്പിലെ ഒരു അംഗമായിതന്നെ തന്റെ എല്ലാ സഹകരണവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

അനുബന്ധം: ബിയ്യംതൂക്കുപാലം അപകടാവസ്ഥ : ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ചർച്ച ചൂടുപിടിക്കുന്നു....
 
Picture
കുടിവെള്ള   പദ്ധതിക്കായി കടവനാട് ഇറക്കിയ  പൈപ്പ് Photo: Unni Kadavanad
കടവനാടിനു വേണ്ടി പ്രത്യേക കുടിവെള്ള പദ്ധതി പ്രഖ്യാപിച്ച പൊന്നാനി നഗരസഭയ്ക്കും തീരദേശ വികസന കോർപ്പറേഷനും കടവനാട് മാഗസിന്റെ നന്ദി അറിയിക്കുന്നു.

പദ്ധതിയെക്കുറിച്ചുള്ള മാതൃഭൂമി വാർത്ത:

പൊന്നാനി: കാലങ്ങളായുള്ള കടവനാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. കുടിവെള്ളക്ഷാമം നേരിടുന്ന പൊന്നാനി നഗരസഭയിലെ കിഴക്കന്‍ മേഖലയായ കടവനാട്ടെ ശുദ്ധജലവിതരണം പുനഃസ്ഥാപിക്കാന്‍ 40 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ജല അതോറിറ്റിയുടെ ചമ്രവട്ടം ജങ്ഷനിലെ ടാങ്കില്‍നിന്ന് കടവനാട് ഭാഗതേക്ക് വെള്ളമെത്തിക്കുന്നത് വ്യാസം കുറഞ്ഞ കാലഹരണപ്പെട്ട പൈപ്പുകള്‍ വഴിയാണ്. കടവനാട് ഭാഗത്തേക്ക് ശുദ്ധജലമെത്തുന്ന െൈപപ്പ് വലുപ്പം കൂട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇനിമുതല്‍ തൃക്കാവ് മഹിളാസമാജത്തിനടുത്തെ ടാങ്കില്‍ നിന്നായിരിക്കും വെള്ളം വിതരണംചെയ്യുക.

കടവനാട് മേഖലയിലെ വീടുകളില്‍ പൊതുടാപ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതി നേരത്തെ തുടങ്ങിയിട്ടുണ്ട്. തീരദേശ മേഖലയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് 30 ലക്ഷം രൂപയുടെ പദ്ധതിയില്‍ 20 ലക്ഷം നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിപ്രകാരവും 20 ലക്ഷം തീരദേശ വികസന കോര്‍പ്പറേഷനില്‍ നിന്നുമാണ്.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കടവനാട് പടന്നേലകത്ത് ക്ഷേത്രപരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി. ബീവി നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ പൊന്നാനി അധ്യക്ഷതവഹിച്ചു. എം. ഹൈദരലി, എം.പി. സീനത്ത്, പുന്നക്കല്‍ സുരേഷ്, സി.പി. മുഹമ്മദ്കുഞ്ഞി, ആയിഷ അബ്ദു, മുള്ളത്ത് സതി, എം. റീന, ഷീബ സുരേഷ്, നഗരസഭാ സൂപ്രണ്ട് രാജന്‍, മുനിസിപ്പല്‍ എന്‍ജിനിയര്‍ കുമാരി മിനി എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധം : ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചു കടവനാട് ഹരിജന്‍ കോളനി..!!